തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമില്ലുകളിൽനിന്ന് റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം കലർന്നതായി കണ്ടെത്തൽ. മട്ട അരി (സി.എം.ആർ) എന്ന വ്യാജേന ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് ചേർത്ത് എത്തിക്കുകയായിരുന്നു. കൂടുതലും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില റേഷൻകടകളിലാണ് ഇവ എത്തിയതെന്നാണ് ഭക്ഷ്യവകുപ്പിന് ലഭിച്ച വിവരം. എറണാകുളം കാലടിയിലെ മില്ലുകളിൽ നിന്നാണ് കൂടുതൽ അരി എത്തിയത്. വീട്ടമ്മമാരും റേഷൻ വ്യാപാരികളും നൽകിയ പരാതിയിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അന്വേഷണത്തിന് നിർദേശം നൽകി.
വലിയ കൊള്ളയാണ് മേഖലയിൽ നടക്കുന്നെതന്നാണ് വിലയിരുത്തൽ. 56 സ്വകാര്യമില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാറുമായി കരാറുള്ളത്. 100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി തിരികെ സപ്ലൈകോക്ക് നൽകണം. ഒരു ക്വിൻറലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല്, മില്ലുകാർ അരിയാക്കി വന്‍വിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍ക്കും. പകരം
തമിഴ്നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കും.
ഇൗ അരി നന്നായി കഴുകിയാൽ ചുവപ്പുനിറം മാറി വെള്ളയാകും. റേഷൻകട വഴി വിതരണം ചെയ്യുന്നതിനായി എത്തുന്ന മട്ട അരി എറെയും നിറം ചേർത്തവയാണെന്ന് മുമ്പ് വിജിലൻസ് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
പാടത്ത് മട്ട, മില്ലുകളിൽ ‘കളർ മട്ട’
മില്ലുകളിൽനിന്ന് അരി എടുക്കും മുമ്പ് ഗുണനിലവാരം പരിശോധിച്ച് വിതരണയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് ചട്ടം. ഇതിനു കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ, സപ്ലൈകോയിലെ ജൂനിയർ മാനേജർ (ക്യു.എ), സിവിൽ സപ്ലൈസിൽ നിന്ന് റേഷൻ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനുമടങ്ങിയ 10 ഇൻസ്പെക്ഷൻ ടീമുകളുണ്ട്. ഇവർ മില്ലുകളിൽ എത്തി ചാക്കുകൾ പരിശോധിക്കും. ഇതിന് ശേഷമാണ് കൃത്രിമം നടക്കുന്നത്. സർട്ടിഫൈ ചെയ്ത ചാക്കുകൾ മാറ്റി പകരം വ്യാജ അരിച്ചാക്കുകൾ തിരുകിക്കയറ്റും. ഈ ചാക്കുകൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ പരിശാധിക്കണമെന്ന് നിർദേശമുണ്ടെങ്കിലും എല്ലാ ചാക്കുകളും പരിശോധിക്കാൻ കഴിയാറില്ലെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. അരി കഴുകുമ്പോള്‍ നിറം മാറുന്നുണ്ടെങ്കിൽ മായം ചേർത്തതാകാനാണിട. വഴുവഴുപ്പ് തവിടെണ്ണ ചേർത്ത സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.