കൊണ്ടോട്ടി: പൊതുപ്രവര്‍ത്തകനും മാപ്പിളകല അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ വരാന്തയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. പുളിക്കല്‍ പാണ്ടിയാട്ടുപുറത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രത്തിനെതിരെ ജനകീയ സമരങ്ങള്‍ നടത്തിവരുന്നതിടെയാണ് അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് റസാഖ് പഞ്ചായത്ത് ഓഫിസില്‍ത്തന്നെ ജീവനൊടുക്കിയത്.
ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നത്തില്‍ റസാഖ് ഉന്നയിച്ച വിഷയങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും ആത്മഹത്യയിലേക്ക് നയിച്ചവര്‍ക്കെതിരെ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഷീജ പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് നേരത്തേ കേസെടുക്കുകയും മൃതദേഹത്തോടൊപ്പം ലഭിച്ച അത്മഹത്യ കുറിപ്പും വ്യവസായ കേന്ദ്രത്തിനെതിരായ രേഖകളും പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റേ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
റസാഖിന്റെ മരണത്തെ തുടര്‍ന്ന് പുളിക്കല്‍ പാണ്ടിയാട്ടുപുറത്തു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനും ഇരുമ്പ് കസേര നിർമാണ യൂനിറ്റിനുമെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്. വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനുള്ള വ്യവസായ കേന്ദ്രങ്ങളുടെ ശ്രമം നാട്ടുകാര്‍ തിങ്കളാഴ്ച തടഞ്ഞു. കരിപ്പൂര്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൊലീസ് ഇടപെട്ട് താൽക്കാലികമായി നിർത്തിവെപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.