തിരുവനന്തപുരം: സി.എ.എക്ക് എതിരായ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഘട്ടത്തിൽ, നിയമം സംബന്ധിച്ച അന്തിമവിധി വരാൻ കാത്തിരിക്കുന്നതിനു പകരം രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് മോദി ഭരണകൂടം ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. വിഭാഗീയതയും വംശീയ വെറിയും പടർത്തി വോട്ട് നേടാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടപ്പാക്കിത്തുടങ്ങിയ സി.എ.എ നടപടിക്രമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സി.എ.എ ചട്ടം നിർമിക്കുകയും വിഷയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഇപ്പോൾ നടപ്പാക്കില്ല എന്ന നിലപാട് എടുക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തിരുന്നത്. എന്നാൽ ആ ഉറപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ചട്ടം നടപ്പാക്കാൻ തുടങ്ങിയിരിക്കുകയാണ്. നിയമവാഴ്ച ഇല്ലാത്ത ഒരു രാജ്യമായി ഭരണകൂടം തന്നെ ഇന്ത്യയെ മാറ്റിപ്പണിയുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ഇതിൽ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി നടത്തുന്ന വംശീയവും വിഭാഗീയവുമായ രാഷ്ട്രീയത്തിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന സൂചനകളാണ് രാജ്യമെങ്ങും കാണുന്നത്. തിരിച്ചടിയുടെ സൂചനകളിൽ വിറളി പൂണ്ട ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കുതന്ത്രം കൂടിയാണിതെന്നും ഇതിനെ പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.