കൊച്ചി: കേരള മുഖ്യമന്ത്രിയാകാൻ താൻ തയാറാണെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ഗവർണർ സ്ഥാനത്തോട് താൽപര്യമില്ല. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിനോട് എതിർപ്പില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
പാലക്കാട് ജില്ലയിൽ മത്സരിക്കാനാണ് താൽപര്യം. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് തെൻറ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് താൻ ബി.ജെ.പിയിലെത്തിയത്. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽനിന്ന് രക്ഷിക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയിൽ ചേരുന്നുവെന്ന വിവരം കഴിഞ്ഞദിവസമാണ് ഇ. ശ്രീധരൻ പ്രഖ്യാപിച്ചത്. കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഒമ്പത് വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ല. ഇപ്പോൾ തന്നെ ബി.ജെ.പിയിൽ ചേർന്നതു പോലെയാണ്. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി. പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മാധ്യമങ്ങളെ അറിയിച്ചത്. ബി.െജ.പി സംഘടിപ്പിക്കുന്ന വിജയയാത്രയിൽ ശ്രീധരന് പങ്കെടുത്ത് പാർട്ടി അംഗത്വം സ്വീകരിക്കും. ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.