മലപ്പുറം: മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്ത ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ (ഐ ആൻഡ് പി.ആർ.ഡി) എംപാനൽ ജീവനക്കാർക്ക് നേരിയ ആശ്വാസം. മുടങ്ങിയ ശമ്പളത്തിൽ ഫെബ്രുവരി, മാർച്ച് മാസത്തിലേത് അനുവദിച്ച് ഉത്തരവായി. ധനവകുപ്പ് നടപടി സ്വീകരിച്ചതിന് പിന്നാലെ തുക ട്രഷറിയിലെത്തി. അടുത്ത ദിവസംതന്നെ ശമ്പളം വിതരണം ചെയ്തുതുടങ്ങും. വിവിധ ജില്ലകളിലായി നൂറ്റമ്പതോളം താൽക്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് മേയ് 16ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. തുടർന്നാണ് ധനവകുപ്പിന്‍റെ അടിയന്തര ഇടപെടലുണ്ടായത്.
സംയോജിത വികസന വാർത്തശൃംഖല പദ്ധതിയിൽ (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്‍റ്, കണ്ടന്‍റ് എഡിറ്റർ തസ്തികകളിൽ നിയമനം ലഭിച്ചവരാണ് ഫെബ്രുവരി മുതൽ കൂലിയില്ലാതെ പണിയെടുത്തിരുന്നത്. ഓരോ ജില്ലയിലും പത്തോളം പേരാണ് ഈ തസ്തികകളിലുള്ളത്. സർക്കാറിന്‍റെ വികസന പ്രവർത്തനം സംബന്ധിച്ച വാർത്തകൾ താഴെത്തട്ടിലെത്തിക്കുക, താഴെത്തട്ടിലെ വികസന പ്രവർത്തങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയടക്കം പൊതുജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി പാനൽ രൂപവത്കരിച്ചായിരുന്നു ഇവരുടെ നിയമനം.
സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20 ലക്ഷം രൂപ വീതം ഓരോ ജില്ല ഓഫിസുകൾക്കും അനുവദിച്ചപ്പോഴാണ് ജീവനക്കാരുടെ പട്ടിണി അധികൃതർ കാണാതെപോയത്. സബ് എഡിറ്റർക്ക് 21,780 രൂപയും കണ്ടന്‍റ് എഡിറ്റർക്ക് 17,940 രൂപയും ഇൻഫർമേഷൻ അസിസ്റ്റന്‍റിന് 16,940 രൂപയും മാസശമ്പളം നിശ്ചയിച്ച് ജേണലിസത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവുമുള്ളവരെയാണ് ഈ തസ്തികകളിൽ സർക്കാർ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.