ദുരിതാശ്വാസനിധി ദുരുപയോഗം: ലോകായുക്ത വിധി ഇന്ന്

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹരജിയിൽ ലോകായുക്ത തിങ്കളാഴ്ച രണ്ടരക്ക് വിധിപറയും. 2018 ലാണ് ഹരജി ഫയൽ ചെയ്തത്.

ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹരജിക്കാരനായ ആർ.എസ്. ശശികുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശപ്രകാരം വീണ്ടും കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് അഭിപ്രായഭിന്നതയെ തുടർന്ന് തീരുമാനം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

ഹരജിയിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാർ ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയിലുൾപ്പെട്ട ചെങ്ങന്നൂർ മുൻ എം.എൽ.എ പരേതനായ രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓർമക്കുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായിരുന്നു. ഇവരിൽനിന്ന് നിഷ്പക്ഷ വിധി പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതിൽനിന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ രണ്ടുമാസം മുമ്പ് സമർപ്പിച്ച ഇടക്കാല ഹരജിയും തിങ്കളാഴ്ച പരിഗണിക്കും. രജിസ്ട്രി, നമ്പർ നൽകാതെയാണ് പരാതി ലിസ്റ്റിൽപെടുത്തിയിട്ടുള്ളത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.

Tags:    
News Summary - Relief Fund scam: Lokayukta verdict today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.