കൊച്ചി: ഇസ്ലാം സ്വീകരിച്ചവര്‍ക്ക് ഡിക്ലറേഷന്‍ സമര്‍പ്പിച്ച് മതം മാറ്റത്തിന് അംഗീകാരം നേടാനുള്ള അതോറിറ്റി നിശ്ചയിക്കുന്നത് സംബന്ധിച്ച ചട്ടം മൂന്നു മാസത്തിനകം തയാറാക്കണമെന്ന് ഹൈകോടതി. 1937ലെ മുസ്ലിം വ്യക്തി നിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ മൂന്നാം വകുപ്പുമായി ബന്ധപ്പെട്ട നടപടി പൂർത്തിയാക്കാനാണ് സർക്കാറിന് കോടതി നിർദേശം നൽകിയത്.
ക്രിസ്ത്യൻ മതവിശ്വാസിയായിരിക്കെ ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസിെൻറ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണ് ജീവിക്കുന്നതെന്ന് ഹരജിക്കാരന് കോടതിയെ അറിയിച്ചിരുന്നു. ഇസ്ലാം സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ ഇസ്ലാം മതത്തിലാണ് ഉള്ളതെന്ന് തെളിയിക്കാന്‍ ഔദ്യോഗിക രേഖകളില്ല.
മുസ്ലിം വ്യക്തിനിയമം പിന്തുടര്ന്ന് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തിെൻറ മൂന്നാം വകുപ്പിൽ പറയുംപോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം കൊണ്ടുവരുന്ന അധികൃതര്‍ക്ക് മുമ്പാകെ വേണം ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടാന്‍. എന്നാല്‍, ഇത്തരം സംവിധാനം നടപ്പാക്കാനുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല.
ഡിക്ലറേഷന്‍ നടത്തേണ്ട അധികാരി നിലവിലില്ലാത്തതിനാൽ പൊന്നാനിയിലും കോഴിക്കോടുമുള്ള രണ്ട് സ്ഥാപനങ്ങളാണ് മതം മാറ്റം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. എന്നാല്‍, നിയമപരമായി സാധുതയില്ലാത്ത രേഖകളാണിവ. ഇഷ്ടമുള്ള മതം സ്വീകരിച്ച് ആചാരങ്ങള്‍ അനുഷ്ഠിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുള്ള വ്യക്തിയെന്ന നിലയിൽ ആരുടെ മുമ്പാകെയാണ് ഇത് സംബന്ധിച്ച് ഡിക്ലറേഷന്‍ നടത്തി അംഗീകാരം നേടേണ്ടത് എന്ന് സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ വ്യക്തമാക്കണമെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
നിയമത്തിൽ ചട്ട രൂപവത്കരണം പരാമർശിക്കുന്നുണ്ടെങ്കിൽ അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചട്ട രൂപവത്കരണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടർന്നാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.