കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും റിമാൻഡ് കാലാവധി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി. കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും.
കോടതി നിർദേശപ്രകാരം ഇരുവരെയും തൃശൂർ ഹൈ സെക്യൂരിറ്റി ജയിലില േക്ക് മാറ്റി.
കോഴിക്കോട് സെഷൻസ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് എൻ.ഐ.എ ഏറ്റെടുത്തത്തോടെയാണ് കൊച്ചിയിലേക ്ക് മാറ്റിയത്. കേസിന്റെ രേഖകൾ എൻ.ഐ.എ കോടതിക്ക് കൈമാറിയിരുന്നു.
നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.
‘ഞങ്ങൾ മാവോവാദികളെങ്കിൽ
മുഖ്യമന്ത്രി തെളിവ് തരൂ’
കൊച്ചി: ‘ഞങ്ങൾ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ ഞങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ട് വരൂവെന്ന്’ അലൻ ഷുഹൈബും താഹാ ഫസലും. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പന്തീരാംകാവ് മാവോവാദി കേസിലെ പ്രതികളായ ഇരുവരും ഇങ്ങനെ പ്രതികരിച്ചത്.
ഞങ്ങൾ മാവോവാദികളല്ല, മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ തെളിവ് കൊണ്ടുവരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് പോലും സി.പി.എമ്മിനുവേണ്ടി പ്രവർത്തിച്ചവരാണ്.
ബൂത്ത് ഏജൻറുമാരായിരുന്നുവെന്നും കോടതിയിൽനിന്ന് പുറത്തേക്കിറങ്ങവെ ഇരുവരും പറഞ്ഞു. ഇരുവരെയും കോടതി അടുത്ത മാസം 14 വരെ റിമാൻഡ് ചെയ്ത് തൃശൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റി. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹരജി വാദം കേൾക്കാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷയെ രണ്ട് പേരുടെയും അഭിഭാഷകർ എതിർത്തിരുന്നു. ഇതേത്തുടർന്നാണ് വാദം കേൾക്കാനായി മാറ്റിവെച്ചത്.
ഈമാസം 20 മുതൽ ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് എൻ.ഐ.എ അപേക്ഷ സമർപ്പിച്ചത്. കോഴിക്കോട് ജയിലിലായിരുന്ന ഇരുവരെയും കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻറിലാണ് കൊച്ചിയിലെത്തിച്ചത്. ദന്ത രോഗത്തിന് ഡോക്ടറെ കാണണമെന്നാവശ്യപ്പെട്ട് താഹാ ഫസൽ കോടതിയിൽ അപേക്ഷ നൽകി. പൊലീസ് സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാവൂവെന്ന് എൻ.ഐ.എ അറിയിച്ചു. ഇതേത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ ഉറപ്പ് വരുത്താൻ കോടതി നിർദേശിച്ചു. ഇരുവർക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിസംബർ 18 നാണ് എൻ.ഐ.എ ഏറ്റെടുത്തത്. 2019 നവംബർ ഒന്നിന് രാത്രിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.