പരാമർശം പിൻവലിച്ച് മാപ്പുപറയണം –യു.ഡി.എഫ്
കൊച്ചി: രാഷ്ട്രീയ സദാചാരമുണ്ടെങ്കിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ അപകീർത്തിപരമായ പരാമർശം പിൻവലിച്ച് മാപ്പുപറയാൻ ഇടതുമുന്നണി കൺവീനർ തയാറാകണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
ഊർജസ്വലയായ പൊതുപ്രവർത്തകയാണ് രമ്യ. അവിവാഹിതയായ ഒരുപെൺകുട്ടിയെ ഇത്രയും മോശമായി അപമാനിക്കുന്നത് മനുഷ്യത്വരഹിതമാണ്. യു.ഡി.എഫ് സ്ഥാനാർഥി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും ചെന്നുകാണുക എന്നത് അവരുടെ കടമയും ഉത്തരവാദിത്തവുമാണ്. അതിനെ മ്ലേച്ഛ ഭാഷയിൽ അധിക്ഷേപിക്കുന്നത് ഒരുരാഷ്ട്രീയനേതാവിന് ഭൂഷണമല്ല.
സ്ത്രീകളോടുള്ള ഇടതുമുന്നണി നേതാക്കളുടെ മനോഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരുവശത്ത് നവോത്ഥാനവും ലിംഗസമത്വവും പറയുകയും മറുവശത്ത് സ്ത്രീകളെ അപമാനിക്കലുമാണ് ഇടതുനേതാക്കൾ നടത്തുന്നത്. ഇടതുമുന്നണി കൺവീനർക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുക്കണമെന്നും പരാമർശത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്ന രമ്യക്കും കുടുംബത്തിനും പൂർണപിന്തുണയും സഹായവും നൽകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
ന്യായീകരിച്ച് ജി. സുധാകരൻ
ആലപ്പുഴ: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ ന്യായീകരിച്ച് മന്ത്രി ജി. സുധാകരൻ. വിജയരാഘവെൻറ പ്രസംഗം ദുരുദ്ദേശ്യപരമാണെന്ന് കരുതുന്നില്ല. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ കഴിവുള്ള നേതാവാണ് അദ്ദേഹം. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പ്രസംഗത്തിലെ പരാമർശമെന്ന് തോന്നുന്നില്ല.
സ്ഥാനാർഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്ന് കരുതിയാലെ കുഴപ്പമുള്ളൂവെന്നും മന്ത്രി സുധാകരൻ കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്തുണച്ച് കോടിയേരി
കൽപറ്റ: ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിജയരാഘവൻ പറഞ്ഞത് രാഷ്ട്രീയ കാര്യമാണ്. ഇല്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിെൻറ വായിൽ തിരുകിക്കയറ്റുന്നത്. എന്താണ് പറഞ്ഞതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചു. വിജയരാഘവൻ തന്നെ അത്തരമൊരു പരാമർശം നടത്തിയിട്ടില്ല എന്നു പറഞ്ഞ പശ്ചാത്തലത്തിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം വയനാട് ജില്ല പ്രവർത്തക യോഗത്തിനുശേഷം കൽപറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാമർശം സ്ത്രീവിരുദ്ധം –ഉമ്മൻ ചാണ്ടി
കോട്ടയം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവെൻറ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയുമാണ് അദ്ദേഹം അധിക്ഷേപിച്ചത്. ഇത് വേദനജകമാണ്. ഇക്കാര്യത്തിൽ വിജയരാഘവനെതിരെ നടപടിയെടുക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണം. അമൂൽ ബേബി, പപ്പുമോൻ പ്രയോഗങ്ങളിലൂടെ സി.പി.എമ്മിെൻറ മനോനില തെറ്റി. ഇതിന് ജനം വോട്ടിലൂടെ മറുപടി നൽകും. രാഹുൽ ഗാന്ധി ന്യൂനപക്ഷ മണ്ഡലം തേടിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും കണക്കുകളും തെറ്റാണ്. വയനാട്ടിൽ 52 ശതമാനവും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീത്വത്തിനെതിരായ ആക്രമണം –മുല്ലപ്പള്ളി
കാഞ്ഞങ്ങാട്: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെയുള്ള എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവെൻറ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്ത്രീത്വത്തിനെതിരായ അപമാനകരമായ ആക്രമണമാണിത്. വിജയരാഘവനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ സി.പി.എം തയാറാകണം. എൽ.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ്ചെയ്യണം.
ജീവിതത്തില്‍ ഏറ്റവും താേഴക്കിടയില് നിന്നാണ് രമ്യ പൊതുജീവിതത്തിലേക്ക് വന്നിരിക്കുന്നത്. അങ്ങനെയുള്ള ആളെക്കുറിച്ച് ഒരു മാന്യതയുമില്ലാത്ത രൂപത്തിലാണ് വിജയരാഘവന് സംസാരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പരാമർശത്തിനെതിരെ സുനിൽ പി.ഇളയിടം
കൊച്ചി: രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശത്തിനെതിരെ ഇടതുചിന്തകനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തെൻറ പ്രതിഷേധം വ്യക്തമാക്കിയത്. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം:
‘രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവല ശരീരമായി കാണുന്ന പൊതുബോധത്തിെൻറ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണം’.
ഇടതുപക്ഷ നിലപാടുകൾ പിന്തുടരുന്ന അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഉൾെപ്പടെ നിരവധിപേർ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
‘പത്രിക സമർപ്പിച്ചശേഷം കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ’ സംബന്ധിച്ച് നടത്തിയ പരാമർശം വ്യാപകമായ വിമർശനത്തിന് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും വിജയരാഘവെൻറ പ്രസ്താവനക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.