തിരുവനന്തപുരം: നഗരമധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയാണ് (47) തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത തോട്ടിൽ കെട്ടിക്കിടന്ന മാലിന്യം വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്. ജോയിക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. മാൻ ഹോളിലിറങ്ങി മാലിന്യം നീക്കാൻ രാത്രി എട്ടോടെ റോബോട്ടിനെ എത്തിച്ചു. ടെക്നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനിയായ ജെൻ റോബോട്ടിക്സ് വികസിപ്പിച്ച ‘ബാൻഡികൂട്ട്’ റോബോട്ടാണ് എത്തിച്ചത്.
ഫയർഫോഴ്സും സ്കൂബ ഡൈവിങ് സംഘവും സ്ഥലത്തെത്തിയെങ്കിലും തോട്ടിലെ കുന്നോളം മാലിന്യത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. തോട് കടന്നുപോകുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സ്ലാബുകൾ ഇളക്കി പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായിട്ടില്ല. ആറ് മണിക്കൂറോളം ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ മാലിന്യം നീക്കിയശേഷമാണ് മുങ്ങൽ വിദഗ്ധർക്ക് തോട്ടിലൂടെ മുന്നോട്ടുപോകാനായത്.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മഴക്കാല പൂർവ ശുചീകരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ കഴിഞ്ഞമാസം റെയിൽവേ പൊതുമരാമത്തിനോട് അവരുടെ അധീനതയിലുള്ള ഈ ഭാഗത്തെ മാലിന്യം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ കരാർ നൽകിയതുപ്രകാരമാണ് ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മാലിന്യം അടിഞ്ഞുകൂടിയ തോട്ടിൽനിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ ടൺ കണക്കിന് മാലിന്യമാണ് ഇവർ പുറത്തെത്തിച്ചത്.
എന്നാൽ ശനിയാഴ്ച നഗരത്തിലുണ്ടായ അപ്രതീക്ഷിത മഴയിൽ തോട്ടിലെ ജലനിരപ്പുയർന്നു. അതിശക്തമായ അടിയൊഴുക്കിനെ തുടർന്ന് കരയ്ക്കുകയറാൻ ശ്രമിക്കുന്നതിനിടയിൽ ജോയി ഒഴുകിപ്പോകുകയായിരുന്നെന്ന് സുഹൃത്തുകൾ പറഞ്ഞു. മാലിന്യത്തിൽ മുങ്ങിത്താഴ്ന്ന ജോയിയെ രക്ഷപ്പെടുത്താൻ സുഹൃത്തുകൾ കയർ എറിഞ്ഞുകൊടുത്തെങ്കിലും മുങ്ങിത്താഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.