തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് തടസ്സമായ സംവരണക്കുരുക്ക് അഴിക്കാൻ ഫയൽ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടു. പ്രശ്നത്തിൽ നിയമവകുപ്പിെൻറ ഉപദേശം തേടാനും മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല ചർച്ചയിൽ തീരുമാനിച്ചു.
കഴിഞ്ഞ വർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിന് പത്ത് ശതമാനം മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്) ഏർപ്പെടുത്തിയതോടെ മൊത്തം സംവരണം 58 ശതമാനമായി ഉയർന്നിരുന്നു. മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി മൊത്തം സംവരണം 50 ശതമാനം കവിയരുതെന്ന് ഉത്തരവിട്ടതോടെയാണ് കേരളത്തിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ പങ്കാളികളാകുന്ന പ്ലസ് വൺ ഏകജാലക പ്രവേശനം അനിശ്ചിതത്വത്തിലായത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംവരണകാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിലേക്ക് കത്ത് നൽകിയിരുന്നു. സാധാരണഗതിയിൽ എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചാൽ തൊട്ടുപിന്നാലെ പ്ലസ് വൺ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാറുണ്ട്. എസ്.എസ്.എൽ.സി ഫലം ജൂലൈ 14ന് പ്രസിദ്ധീകരിച്ചെങ്കിലും സംവരണ വിഷയത്തിൽ തീരുമാനം വൈകിയതോടെ പ്രോസ്പെക്ടസിന് അംഗീകാരം നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിനുശേഷമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാകൂ. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലം കൂടി വരുന്നതോടെ ആഗസ്റ്റ് ആദ്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുമെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നത്. എന്നാൽ, സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചിട്ടും പ്ലസ് വൺ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിൽ തീരുമാനമെടുക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.