മലപ്പുറം: സംവരണ വിഷയത്തിൽ മുഖ്യധാര മുസ്ലിം സമുദായ സംഘടനകളെ മുഴുവൻ ഒരേ വേദിയിൽ അണിനിരത്തി കോൺഗ്രസ്. എം.ഐ. ഷാനവാസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച മലപ്പുറത്ത് സംഘടിപ്പിച്ച 'സംവരണവും പി.എസ്.സി അട്ടിമറികളും' ജനകീയ സെമിനാറിലാണ് നേതാക്കൾ ഒന്നിച്ചണിനിരന്നത്.
പി.എസ്.സി നിയമന രീതികളിലെ റൊട്ടേഷൻ സമ്പ്രാദയത്തിന്‍റെ അപാകത കാരണം സംവരണ സമുദായങ്ങൾ ജനറൽ മെറിറ്റിൽനിന്ന് പുറത്താകുന്നുവെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത സംവരണ സമുദായ മുന്നണി നേതാവ് സുദേഷ് എം. രഘു പറഞ്ഞു. ഇത് കാരണം വലിയ ഉദ്യോഗ നഷ്ടമുണ്ടാകുന്നതായും തിരുത്താൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവരണ സമുദായങ്ങൾ നേരിടുന്ന അനീതി ചോദ്യം ചെയ്യാനും രാഷ്ട്രീയമായി ഉന്നയിക്കാനും ആര് നേതൃത്വം നൽകും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കിടക്കുന്നുവെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. സംവരണ സമുദായ സംഘടനകളും മുസ്ലിം സംഘടനകളും ഗൗരവമായി വിഷയം ഉന്നയിക്കണമെന്നും ഇക്കാര്യത്തിൽ ഭിന്നതകൾക്കപ്പുറം ചേർന്നുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണേതര സമുദായങ്ങളെ സംവരണ പരിധിയിൽ കൊണ്ടുവന്ന് സംവരണം ഉപയോഗിച്ചുതന്നെ സംവരണത്തെ പൊളിക്കുന്ന നടപടിയാണിപ്പോഴുള്ളതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം പറഞ്ഞു. വലതുപക്ഷത്തിന് പുറമെ വംശീയ യുക്തിവാദികളും സംവരണ വിരുദ്ധതക്ക് കൂട്ടുനിൽക്കുന്നു. ഇടതുസർക്കാർ സ്കൂളുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റിയും ഫലത്തിൽ സംവരണ വിരുദ്ധ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മുസ്ലിം സംഘടന ഭാരവാഹികളായ മുഹമ്മദലി കിനാലൂർ (എസ്.എസ്.എഫ്), ഡോ. പി.പി. മുഹമ്മദ് (കെ.എൻ.എം), ടി.കെ. അഷ്റഫ് (വിസ്ഡം), ഡോ. ഐ.പി. അബ്ദുസ്സലാം (മർകസുദ്ദഅ്വ), സംവരണ സമുദായ നേതാക്കളായ അഡ്വ. രതീഷ് കൃഷ്ണ (കെ.പി.എം.എസ്), എൻ.പി. ചിന്നൻ (കെ.ഡി.എഫ്), ബേസിൽ മുക്കത്ത് (കെ.എൽ.സി.എ) എന്നിവർ സംസാരിച്ചു. എം.ഐ. ഷാനവാസ് ഫൗണ്ടേഷൻ ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ കെ.പി. നൗഷാദലിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ഹൈദ്രോസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.