സംവരണം അട്ടിമറി: ആദിവാസി വിദ്യാർഥികൾക്ക് കെണിയായി ഓട്ടോണമസ്

കൊച്ചി: സംസ്ഥാനത്തെ ഓട്ടോണമസ് കോളജുകളിൽ പട്ടികജാതി- വർഗ സംവരണം അട്ടമറിക്കുന്നുവെന്ന് ആക്ഷേപം. ആദിവാസി വിദ്യാർഥികൾക്ക് കെണിയൊരുക്കി അവരെ പുറന്തള്ളുന്നതിന് മിക്ക കോളജുകളിലും സംവിധാനമുണ്ടെന്നാണ് ആദിവാസി സംഘടനകളുടെ ആരോപണം. ഒന്നാം വർഷ ഡിഗ്രി കോഴ്സിലെ വിദ്യാർഥി പ്രവേശനത്തിന്‍റെ അവസാന ഘട്ടത്തിൽ പല കോളജുകളിലെയും ലിസ്റ്റിൽ നിന്ന് ആദിവാസി വിദ്യാർഥികളെ ബോധപൂർവമായ പുറന്തള്ളിയിട്ടുണ്ടെന്നാണ് ആദിശക്തി എന്ന വിദ്യാർഥി സംഘടന അഭിപ്രായപ്പെടുന്നത്. കോളജുകൾ ഡിഗ്രി പ്രവേശനത്തിന്‍റെ അവസാനകാല കണക്ക് സൈറ്റിൽ പ്രസിദ്ധീകരിക്കാതെയാണ് തട്ടിപ്പ് നടത്തുന്നത്. സീറ്റ് ഒഴിവുണ്ടോയെന്ന ആദിവാസി വിദ്യാർഥികളുടെ അന്വേഷണത്തിന് കോളജ് അധികൃതർ വ്യക്തമായ മറുപടി നൽകില്ല.

ഓരോ കോഴ്സിലും എസ്.സി-എസ്.ടി വിഭാഗത്തിൽ നിന്ന് എത്ര വിദ്യാർഥികൾക്ക് പ്രവേശനം നൽകിയെന്നോ അവശേഷിക്കുന്ന ഒഴിവുകൾ എത്രയാണെന്നോ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നില്ല. സംസ്ഥാനത്തെ ഓട്ടോണസ് കോളജുകളിൽ പകുതിയിലധകം കോളജിലും ഇത് പതിവ് പരിപാടിയാണ്. അപൂർവം കേളജുകളിലാണ് വിദ്യാർഥി പ്രവേശനം സുതാര്യമായി നടത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ആരുമില്ലെന്നതിനാൽ നിജസ്ഥിതി പുറത്ത് വരില്ല. കൊച്ചിയിലെ ഓട്ടോണമസ് കോളജുകളിൽ നിന്നും ആദിവാസി വിദ്യാർഥികൾ ഇതേ ദുരന്തം നേരിടുകയാണ്. വയനാട്, ഇടുക്കി വനമേഖലയിലെ ഊരുകളിൽ നിന്ന് വിദ്യാർഥികൾ കൊച്ചിയിലെത്തി പഠനം നടത്താൻ ആഗ്രഹിക്കുന്നു. അവർ ഓൺലൈൻ വഴി അപേക്ഷ നൽകുന്നു. എന്നാൽ, നഗരത്തിലെ കേളജുകളിൽ പ്രവേശനത്തിന്‍റെ അവസാനകാലത്ത് ഇവർക്ക് വിവരങ്ങൾ ലഭിക്കുന്നില്ല.

നിയമപ്രകാരം സംവരണം അട്ടിമറിക്കാൻ പാടില്ല. കോളജുകൾക്ക് സ്വയംഭരണം ലഭിച്ചത് പട്ടികജാതി- വർഗ വിഭാഗങ്ങളുടെ സംവരണം കൂടി പാലിക്കാനാണ്. എന്നാൽ, പലവിധ പഴുതുകളിലൂടെ കോളജ് അധികൃതർ സംരവണ അട്ടിമറി നടത്തുന്നുണ്ട്. സർവകലാശാലകളുടെ മാർഗരേഖ ഇവർ പാലിക്കുന്നില്ല. ഒന്നും രണ്ടും അലോട്ട്മെന്‍റ് കഴിഞ്ഞാൽ ആദിവാസി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പ്രവേശനം അവസാനിപ്പിച്ച അവസ്ഥയാണ്. അവസാന പ്രവേശനം നടത്തുന്നതിന്‍റെ തലേ ദിവസം ഏതെങ്കിലും പത്രത്തിലെ പ്രദേശിക പേജിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റ് ഒഴിവുണ്ടെന്ന് അറിയിക്കും.

ആദിവാസി വിദ്യാർഥികളേറെയുള്ള ജില്ലകളിലെ വിദ്യാർഥികൾക്ക് ഈ ഒഴിവ് അറിയാൻ കഴിയില്ല. അറിഞ്ഞാലും സമയത്തിനുള്ളിൽ അവർക്ക് യാത്ര ചെയ്ത് കോളജിൽ എത്തിച്ചേരാനാവില്ല. അവസാന നിമിഷം ഈ സീറ്റ് മാനേജ്മെന്‍റ് ക്വാട്ടയിലേക്ക് മാറ്റുന്നു. ആദിവാസി ഊരുകളിൽ നിന്ന് പഠനത്തിന് എത്തേണ്ട വിദ്യാർഥിയുടെ അവസരമാണ് മനേജുമെൻറുകൾ തട്ടിയെടുക്കുന്നത്. പല ഓട്ടോണമസ് കോളജുകളിലും ആദിവാസി വിദ്യാർഥികളുടെ കഴുത്തരിയുന്ന ഈ ക്രൂരവിനോദം അരങ്ങേറുന്നുണ്ട്. അവസാന ലിസ്റ്റ് സൈറ്റിൽ ഇടുമെന്ന് പറയുമെങ്കിലും അത് പാലിക്കുന്നില്ല. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് രണ്ട് വിദ്യാർഥികൾ കൊച്ചിയിലെത്തി. കോളജ് അധികൃതരോട് വിവരം അന്വേഷിച്ചു. പട്ടികവർഗ വിഭാഗത്തിന് സീറ്റുണ്ടോ അതല്ല ഇല്ലയോ എന്നുപോലും അധികൃതർ വെളിപ്പെടുത്തുന്നില്ല. ഏത് വിഷയത്തിലാണ് സീറ്റ് അവശേഷിക്കുന്നതെന്ന് അറിയാൻ മാർഗമില്ല.

എസ്.സി-എസ്.ടി ഡയറക്ടറേറ്റ് വിദ്യാർഥി പ്രവേശനത്തിൽ പട്ടികവർഗ സംവരണം പാലിക്കുന്നോണ്ടോയെന്ന പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമത നൽകേണ്ടതാണ്. പട്ടികജാതി -വർഗ വകുപ്പിന്‍റെ ഉത്തരവാദിത്തമാണിത്. അതവർ നിവഹിക്കുന്നില്ല. ഓട്ടോണമസ് കോളജുകളിലെ സംവരണസീറ്റ് അട്ടമിറിയെന്നത് കീഴ്വഴക്കമാക്കിയിട്ടുണ്ട്. സംവരണ അട്ടിമറി കോളജ് മാനേജുമെൻറുകളുടെ അവകാശമായി മാറിയിട്ടുണ്ട്. അത് നിലനിർത്താൻ അവരെ ഒരർഥത്തിൽ സഹായിക്കുന്നത് പട്ടികജാതി-വർഗ വകുപ്പാണ്. ചോദിക്കാൻ അളില്ലാത്ത വിഭാഗത്തിന്‍റെ സീറ്റുകൾ അവർക്ക് സ്വന്തമാണ്.

ഏറെ കോളജുകളിലും പട്ടികജാതി- ആദിവാസി വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റ് ലഭിക്കുന്നില്ല. പട്ടിക ജാതി- വർഗ വകുപ്പ് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ കോളജുകളിലെ പ്രോസ്പെറ്റസിൽ പട്ടികജാതി-വർഗ വിദ്യാർഥികളില്ലെങ്കിൽ മാനേജ്മെന്‍റ് ക്വാട്ടായിലേക്ക് സീറ്റ് മാറ്റുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും വിചിത്രമാണ്.

Tags:    
News Summary - Reservation coup: Autonomous trap for tribal students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.