കൊച്ചി: ഹൈകോടതി ശക്തമായി ഇടപെട്ടതോടെ, സംവരണപ്പട്ടിക കാലോചിതമായി പുതുക്കാനുള്ള നടപടികളിൽനിന്ന് ഒളിച്ചോടാൻ കഴിയാതെ സർക്കാർ. സാമൂഹിക-സാമ്പത്തിക സർവേ നടത്തി റിപ്പോർട്ട് കൈമാറാത്ത സാഹചര്യത്തിൽ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ നിഷ്ക്രിയാവസ്ഥയിലാണെന്ന കോടതിയുടെ വിമർശനം സംവരണപ്പട്ടിക പുതുക്കാനാവാത്തതിെൻറ പൂർണ ഉത്തരവാദിത്തം സർക്കാറുകൾക്കുമേൽ ചുമത്തുന്നതായി.
സംവരണപ്പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ്, തിരുവനന്തപുരത്തെ മാനവ ഐക്യവേദി, ചെങ്കോട്ടുകോണം സ്വദേശി ജെ.ആർ. രാജേഷ് കുമാർ എന്നിവർ നൽകിയ ഹരജികൾ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു. സർവേ ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് കമീഷന് സമർപ്പിക്കാനും നടപടി പൂർത്തിയാക്കി തിരികെ ലഭിച്ചാലുടൻ പട്ടിക പരിഷ്കരണം സംബന്ധിച്ച ബാധ്യത സർക്കാർ നിർവഹിക്കാനുമാണ് കോടതിയുടെ ഉത്തരവ്.
പിന്നാക്ക വിഭാഗ കമീഷന് രൂപം നൽകിയെങ്കിലും ഓരോ 10 വർഷത്തിനുശേഷവും സംവരണപ്പട്ടിക പുതുക്കി പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കമീഷന് സഹായകമാവേണ്ട ബാധ്യത നിർവഹിക്കാതെ സർക്കാർ ഉറക്കം നടിക്കുകയാണെന്നും ഇതിന് ന്യായീകരണമില്ലെന്നും കോടതി വിമർശിച്ചു. സർവേ നടത്താൻ ചുമതലപ്പെട്ട ഗ്രാമീണ വികസന കമീഷണറേറ്റിലെ നോഡൽ ഓഫിസറോട് ഒട്ടേറെ തവണ കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 2013 മാർച്ചിൽ റിപ്പോർട്ട് നൽകാമെന്ന് ഏറ്റ അധികൃതർ അത് ജൂലൈയിലേക്കും 2014 ജനുവരിയിലേക്കും മാറ്റിയെങ്കിലും നടപടിയുണ്ടായില്ല.
പിന്നീട് കേന്ദ്ര രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമീഷണർക്കും കത്തയച്ചു. എന്നിട്ടും ഒരുനടപടിയും സർക്കാറുകളിൽനിന്ന് ഉണ്ടായില്ല. അർഹർക്ക് ലഭിക്കേണ്ട തൊഴിലവകാശം വർഷങ്ങളായി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ ഭരണഘടന ബാധ്യത നിർവഹിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നാണ് കോടതിയുടെ നിലപാട്.
നിർദേശം ഇനിയും ലംഘിക്കുന്നപക്ഷം കോടതിയലക്ഷ്യ നടപടികളടക്കം നേരിടേണ്ടിവരുമെന്നതാണ് സർക്കാറിനെ അലട്ടുന്നത്. ഈ സാഹചര്യത്തിലാണ് എത്രയും വേഗം നടപടികൾ ആരംഭിക്കണമെന്ന നിർബന്ധിതാവസ്ഥ സർക്കാറിന് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.