ഭഗവൽ സിങ് സജീവ സി.പി.എം പ്രവർത്തകനെന്ന് പ്രദേശവാസികൾ; ജോലി തിരുമ്മൽ ചികിത്സ, വിനോദം ഹൈക്കു കവിത എഴുത്ത്

പത്തനംതിട്ട : എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസിലെ പ്രതി ഭഗവൽ സിങ് പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ ഇടതുപക്ഷ പ്രവർത്തകനുമെന്ന് നാട്ടുകാർ. നരബലി വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് നാട്ടുകാർ ഇയാൾ സി.പി.എം പ്രവർത്തകനാണെന്ന് വെളിപ്പെടുത്തിയത്. ഇലന്തൂരിലെ പരമ്പരാഗത തിരുമ്മൽ വൈദ്യനും നാട്ടുകാര്‍ക്കിടയിൽ വലിയ സ്വീകാര്യനുമായിരുന്നു ഇയാളെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിങ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

നാട്ടുകാര്‍ക്കിയിൽ വലിയ സ്വീകര്യനായിരുന്നു ഭഗവല്‍ സിങ്. തിരുമ്മൽ ചികിത്സക്ക് വേണ്ടി ആളുകൾ ഇയാളെതേടി നിരന്തരം എത്താറുണ്ടായിരുന്നു. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവൽ സിങ് ആദ്യഭാര്യയില്‍ നിന്നും 15 വര്‍ഷം മുൻപ് വിവാഹമോചനം നേടി. ഇപ്പോള്‍ ഭഗവൽ സിങിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ടുപേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിങും ഭാര്യയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാണാതായവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Residents say that Bhagwal Singh is an active CPM worker; Work massage therapy, entertainment haiku poetry writing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.