തിരുവനന്തപുരം: ഇരട്ടപ്പാത യാഥാർഥ്യമായതിനും സിഗ്നൽ പരിഷ്കാരം തകൃതിയിലായതിനും പിന്നാലെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും റണ്ണിങ് സമയം കുറയ്ക്കാനും റെയിൽവേ നടപടി തുടങ്ങി. നാഗർകോവിൽ പാതയിൽ ഇരട്ടിപ്പിക്കൽ ജോലി ഭൂരിഭാഗവും പൂർത്തിയായതും കേരളത്തിന് പുറത്തെ വിവിധ സെക്ഷനുകളിൽ വേഗനിയന്ത്രണം പിൻവലിച്ചതുമാണ് ഇതിന് സഹായകമാവുന്നത്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ ക്രോസിങ് ഒഴിവായ വണ്ടികളുടെ വേഗവും വർധിക്കും. എറണാകുളം-ഷൊർണൂർ പാതയിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. ഷൊർണൂർ-കാസർകോട് പാതയിൽ 110 കിലോമീറ്ററും തിരുവനന്തപുരം-കായംകുളം-എറണാകുളം പാതയിൽ 100 കിലോമീറ്ററും കോട്ടയം-എറണാകുളം പാതയിൽ 90 കിലോമീറ്ററുമാണ് വേഗം.
വളവുകൾ, ഉറപ്പില്ലാത്ത മണ്ണ് എന്നിവിടങ്ങളിലെ നിയന്ത്രണം മൂലമാണ് വേഗം കുറയുന്നത്. ഈ ന്യൂനതകളിൽ സാധ്യമാകുന്നതെല്ലാം പരിഹരിച്ച് വേഗനിയന്ത്രണം പിൻവലിക്കുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി പോയന്റുകളിൽ നിയന്ത്രണം പിൻവലിക്കാനായിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. ജനശതാബ്ദി, തിരുവനന്തപുരം-ന്യൂഡൽഹി കേരള, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്, ഗുരുവായൂർ-ചെന്നൈ, രാജ്യറാണി എക്സ്പ്രസ്, കൊച്ചുവേളി-ഇൻഡോർ എക്സ്പ്രസ്, തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് എന്നിവക്കാണ് ആദ്യഘട്ടത്തിൽ വേഗമേറുകയെന്നാണ് വിവരം.
നാഗർകോവിൽ ജംഗ്ഷൻ ഒഴിവാക്കിയുള്ള ബൈപാസ് പാത പൂർത്തിയായതാണ് മറ്റൊരു അനൂകുല ഘടകം. ഇതോടെ അനന്തപുരി എക്സ്പ്രസുകൾക്കടക്കം നാഗർകോവിൽ ജങ്ഷനിൽ പോകാതെ നാഗർകോവിൽ ടൗൺ വഴി സർവിസ് നടത്താൻ സാധിക്കും. ജങ്ഷനിലേക്ക് പോകുന്ന ട്രെയിനുകൾക്ക് തിരുനെൽവേലിയിലേക്കോ തിരുവനന്തപുരത്തേക്കോ പോകുന്നതിന് പിന്നീട് എതിർദിശയിൽ സഞ്ചരിക്കണം. ഇതിന് എൻജിൻ മാറ്റവും വേണം. എൻജിൻ മാറാൻ 30 മുതൽ 45 മിനിറ്റുവരെ വേണം. പുതിയ ക്രമീകരണത്തോടെ ഈ സമയം ലാഭിക്കാം. മധുര-നാഗർകോവിൽ പാതയിൽ ഇരട്ടിപ്പിക്കൽ തകൃതിയിലാണ്. 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. നാഗർകോവിൽ ആരുവായ്മൊഴി (13 കി.മീ), വള്ളിയൂർ-തിരുനെൽവേലി (42 കി.മീ), തിരുമംഗലം-മധുര (17 കി.മീ) എന്നീ സ്ട്രെച്ചുകളിലാണ് ഇനി ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.