കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി എൽ.എസ്.ജി.ഡി ജീവനക്കാരുടെ അവധിക്ക് രണ്ടര മാസം മുമ്പേ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. എന്നാൽ, പദ്ധതി പ്രവർത്തനങ്ങൾക്കുള്ള വിഹിതം അനുവദിക്കാതെ പതിവിലും രണ്ടു മാസം മുമ്പേ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജീവനക്കാരിൽ അമർഷം പുകയുന്നു.
സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് പകുതിയാവുമ്പോൾ പദ്ധതിവിഹിതത്തിന്റെ നാലാം ഗഡുവും അനുവദിക്കണമെന്നിരിക്കേ രണ്ട് ഗഡു വിഹിതം മാത്രമാണ് സർക്കാർ ഇതുവരെ അനുവദിച്ചത്. ഇത് പദ്ധതി പ്രവർത്തനങ്ങൾ താളംതെറ്റിക്കുകയാണ്. ഇതിന് പുറമേ പഞ്ചായത്ത് വികസന സൂചികയിലേക്ക് വിവരങ്ങൾ ചേർക്കലും ബി.എൽ.ഒമാരുടെ അധിക ചുമതലയും എല്ലാമായി താങ്ങാനാവുന്നതിലധികം ജോലിഭാരമുള്ളപ്പോഴാണ് അവധിക്ക് നിയന്ത്രണം കൂടി ഏർപ്പെടുത്തി വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ജീവനക്കാർ അവധിയിൽ പ്രവേശിക്കുന്നതിനാൽ വാർഷിക പദ്ധതി തയാറാക്കലും ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റുന്നുവെന്നും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും പരാതി ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ വളരെ നേരത്തെ അവധി നിയന്ത്രണം ഏർപ്പെടുത്തിയത്. ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിക്കുന്നത് പദ്ധതി പ്രവർത്തനങ്ങളെയും നികുതി പിരിവിനെയും ബാധിച്ചതായും 2023-24 വർഷത്തെ പദ്ധതികൾ അന്തിമഘട്ടത്തിലായതിനാൽ കൃത്യമായി പദ്ധതി ചെലവുകൾ പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ വിഹിതം അനുവദിക്കാത്തതിനാൽ പദ്ധതികൾ നിലച്ചിരിക്കുകയാണെന്നും ജനങ്ങളുടെ മുന്നിൽ കൈമലർത്തേണ്ട ഗതികേടിലാണ് തങ്ങളെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് നിലവിൽ അവധിയിൽ പ്രവേശിച്ച ജീവനക്കാരുടെ മെഡിക്കൽ അവധി ഒഴികെയുള്ളവ റദ്ദാക്കി ഉത്തരവ് ഇറക്കണമെന്നും, ഏഴു ദിവസത്തിനകം തിരികെ പ്രവേശിക്കുന്നതിന് നിർദേശം നൽകണമെന്നും ഉത്തരവിലുണ്ട്. മാർച്ച് 31 വരെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള അവധി അപേക്ഷകളും അവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷകളും അനുവദിക്കേണ്ടതില്ല. മറ്റ് അടിയന്തര അവധി അനുവദിക്കാൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഇതിന് വിരുദ്ധമായി അവധി അനുവദിക്കുന്നപക്ഷം നിയന്ത്രണാധികാരിയുടെ വ്യക്തിപരമായ വീഴ്ചയായി കണക്കാക്കി നടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
നടപ്പുസാമ്പത്തിക വർഷം പൂർത്തിയാക്കേണ്ട പദ്ധതികൾക്കുള്ള വിഹിതം കൃത്യമായി അനുവദിച്ച് സ്തംഭനാവസ്ഥ പരിഹരിക്കാതെ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിൽ മാർച്ച് പകുതിയോടെയാണ് അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.