വിരമിച്ച അധ്യാപകരെ ഉൾപ്പെടുത്തി റിസോഴ്​സ്​ ബാങ്ക്​ -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് വിരമിച്ച പ്രഗല്​ഭ അധ്യാപകരെ ഉൾപ്പെടുത്തി​ അധ്യാപക റി​സോഴ്​സ്​ ബാങ്ക്​ രൂപവത്​കരിക്കുമെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ഇവരുടെ സേവനം വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തും. സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിക്കൽ പ്രായമായ 56 വയസ്സ്​ മനുഷ്യായുസ്സിൽ താരതമ്യേന ചെറുപ്പമാണ്. സർവിസിൽനിന്ന് പുറത്തുപോയാലും സേവനസന്നദ്ധരായ അധ്യാപകരിൽ പലരും സൗജന്യമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പരിഗണിക്കും. പുരസ്‌കാര ജേതാക്കളായ അധ്യാപകരുടെ നിർദേശങ്ങൾകൂടി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കേൾക്കുന്നതിന് ഈ അധ്യാപകരെ ഉൾക്കൊള്ളിച്ച് ശിൽപശാല സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി പരിശോധിച്ച് ജില്ലതല സെലക്​ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രൈമറിതലത്തില്‍ 14 അധ്യാപകരെയും സെക്കൻഡറിതലത്തില്‍ 13 പേരെയും ഹയര്‍സെക്കൻഡറി തലത്തില്‍ ഒമ്പതുപേരെയും വി.എച്ച്​.എസ്​.ഇയിൽ അഞ്ചുപേരെയുമാണ്​ സംസ്ഥാന അധ്യാപക പുരസ്കാരത്തിന്​ തെരഞ്ഞെടുത്തത്​. അവാര്‍ഡ് ജേതാക്കള്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ശിൽപവും മന്ത്രി സമ്മാനിച്ചു.

പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അവാര്‍ഡിൽ സർഗാത്മക സാഹിത്യത്തില്‍ ഡി. ഷാജിയും വൈജ്ഞാനിക സാഹിത്യത്തില്‍ ഡോ. പി. സുരേഷും ബാലസാഹിത്യത്തില്‍ എം. കൃഷ്ണദാസും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വിദ്യാരംഗം അവാര്‍ഡുകളും വിതരണം ചെയ്തു. മന്ത്രി അഡ്വ. ആൻറണി രാജു അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു സംസാരിച്ചു.

Tags:    
News Summary - retired teachers including Resource Bank Minister Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.