തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, പരിസ്ഥിതി, ആധ്യാത്മിക രംഗത്തെ പ്രമുഖരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളില്‍ ഒരുക്കിയ ഉച്ചവിരുന്നിലാണ് വിവിധ മേഖലകളിലെ പ്രമുഖര്‍ ക്ഷണിതാക്കളായി പങ്കെടുത്തത്.
ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അതു പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സാധാരണക്കാര്‍ക്കും കലാകാരന്മാര്ക്കും ഭയംകൂടാതെ ജീവിക്കാൻ ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനതയെ ഒരുമിച്ച് നിര്‍ത്താനുള്ള ആശയസമ്പന്നതയും നേതൃഗുണവുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അതിനാൽത്തന്നെ രാജ്യത്ത് മതേതരത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടതില്ലെന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ബസോലിസയ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സൂചിപ്പിച്ചു.
രാജ്യത്തിന് വേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ സംഭാവനകള്‍ തമസ്കരിക്കാന്‍ കഴിയാത്തതാണെന്നും ജനാധിപത്യവും മതേതരത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വലുതാണെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കും ജനാധിപത്യം സംരക്ഷിക്കാനും നടത്തുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്കും പാളയം ഇമാം മൗലവി ഡോ.വി.പി. സുഹൈബ് ആശംസകള്‍ നേർന്നു. സമാധാനവും സ്നേഹവും പുനഃസ്ഥാപിക്കാൻ കോണ്‍ഗ്രസിന്റെ മടങ്ങിവരവിനായി രാജ്യത്ത് ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് തിരുവനന്തപുരം ആര്‍ച് ബിഷപ് തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു.
'ആയിരം പക്ഷികള്‍ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഡോ. ഓമനക്കുട്ടിയും മഹാത്മാഗാന്ധിയുടെ പ്രിയ ശ്ലോകങ്ങള്‍ ചൊല്ലി സംഗീതജ്ഞന് കാവാലം ശ്രീകുമാറും രാഹുല്‍ ഗാന്ധിയുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.