കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ. സ്വർണക്കടത്ത് കേസിലെ പ്രതികളായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജയിലനുഭവങ്ങളായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകവും സ്വപ്ന സുരേഷിന്‍റെ തുറന്നുപറച്ചിലും പുറത്തുവന്ന സാഹചര്യത്തിലാണ് ഇ.ഡി, എൻ.ഐ.എ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളെല്ലാം തുടരന്വേഷണത്തിനൊരുങ്ങുന്നത്.
സ്വർണക്കടത്ത് കേസിൽ സർക്കാറും കേന്ദ്ര ഏജൻസികളും വലിയ ഏറ്റുമുട്ടലിൽ വരെയെത്തിയിരുന്നുവെന്നതും പ്രസക്തമാണ്. അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തിയതിനു പുറമെ പല കാര്യങ്ങളും സ്വപ്ന പുതുതായി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം നടത്താൻ ഏജൻസികൾ ഒരുങ്ങുന്നത്. പുറത്തുവന്ന ശബ്ദരേഖ ആസൂത്രിതമായി പുറത്തുവിട്ടതാണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം വന്നതോടെയാണ് കസ്റ്റംസ് അന്വേഷണത്തിനൊരുങ്ങുന്നത്.
കോൺസുലേറ്റിലെ ഇടപാടുകളെല്ലാം ശിവശങ്കർ അറിഞ്ഞാണ് നടന്നതെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണ് കസ്റ്റംസിന്‍റെ കച്ചിത്തുരുമ്പ്. അന്വേഷണം ശിവശങ്കറിൽ അവസാനിക്കാൻ സാധ്യതയില്ലെന്ന സൂചനയും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. തന്നെ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലുകളും നയതന്ത്ര ബാഗുകൾ കസ്റ്റംസ് തടഞ്ഞപ്പോൾ ശിവശങ്കർ ഇടപെടൽ നടത്തിയെന്നുമുള്ള വെളിപ്പെടുത്തലും ഏജൻസികൾ ഗൗരവമായാണ് കാണുന്നത്.
സ്വർണക്കടത്തുകേസിലേക്ക് ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയെ കൊണ്ടുവന്നത് ശിവശങ്കറിന്‍റെ ബുദ്ധിയായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കുരുക്കാകും. ആ ബുദ്ധിക്ക് പിന്നിൽ ശിവശങ്കറിനൊപ്പം കൂട്ടുനിന്നവരെയും എൻ.ഐ.എ തേടിയെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.