കണക്ക് നിരത്തി കെ.എസ്.ആർ.ടി.സി: വരവ് 164 കോടി, ചെലവ് 250 കോടി, വ്യത്യാസം 86 കോടി

തിരുവനന്തപുരം: ശമ്പളവിതരണം വൈകുന്നതിൽ കടുത്തപ്രതിഷേധമുയരുന്നതിനിടെ കണക്ക് നിരത്തി കെ.എസ്.ആർ.ടി.സി. വരവും ചെലവും സംബന്ധിച്ച് തെറ്റായ പ്രചാരണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇന്ധനവില വർധനയും ശമ്പളപരിഷ്കരണത്തിലൂടെയുള്ള അധികബാധ്യതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മാനേജ്മെന്‍റ് വിശദീകരിക്കുന്നു.

2021 നവംബറിലെ വരുമാനം 121 കോടിയായിരുന്നു. 2022 ഏപ്രിലിൽ 167.71 കോടിയിലെത്തി. എന്നാൽ, നവംബറിൽ 66.44 കോടിയായിരുന്ന ഡീസൽ ചെലവ് ഏപ്രിലിൽ 97.69 കോടിയായി ഉയർന്നു. ഇന്ധനത്തിൽ മാത്രം 33.25 കോടിയുടെ വർധനയാണ് നവംബറിനും ഏപ്രിലിനും ഇടയിലുണ്ടായത്. ശമ്പള പരിഷ്കരണം നടപ്പാക്കിയ ജനുവരി മുതൽ ശമ്പള ഇനത്തിലും കാര്യമായ വർധനയുണ്ടായി. ഡിസംബർ വരെ 64 കോടിയായിരുന്നെങ്കിൽ ജനുവരി മുതൽ 82 കോടിയായി ശമ്പളച്ചെലവ്. പ്രതിമാസം 18 കോടി വർധിച്ചു. രണ്ടിനത്തിലുമായി പ്രതിമാസം 50 കോടിയിലധികം വർധന. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഏപ്രിലിൽ വരുമാനം 164.71 കോടിയായെങ്കിലും ചെലവ് 251.21 കോടിയാണ്. വരവ്, ചെലവ് അന്തരം 86.5 കോടിയാണ്. പ്രതിമാസം 250 കോടിക്ക് മേൽ ചെലവുണ്ട്. പ്രതിമാസ ചെലവ് 162 കോടിയും വരവ് 164 കോടിയുമെന്ന പ്രചാരണം തെറ്റാണ്. മാർച്ചിൽ ദീർഘദൂര ബസുകൾക്കായി അടച്ച ഇൻഷുറൻസ് പ്രീമിയം തുക 9.75 കോടിയാണ്. കൺസോർട്യം ബാങ്കിന് സർക്കാർ വിഹിതമായി ലഭ്യമായ 90 കോടിയും അടച്ചു. ജീവനക്കാരിൽനിന്ന് പിടിച്ച പി.എഫ്, റിക്കവറി തുടങ്ങിയ ഇനങ്ങളിൽ മാർച്ചിൽ 5.57 കോടിയും അടച്ചു.

പണിമുടക്ക് കവർന്നത് 27 കോടി

മാർച്ച് 28, 29 ദിവസങ്ങളിലെ പണിമുടക്ക് മൂലം ഉണ്ടായ വരുമാന നഷ്ടം 17 കോടിയാണെന്ന് മാനേജ്മെന്‍റ്. പണിമുടക്ക് മൂലം മേയ് ആറിന് സർവിസ് നടത്താതിരുന്നതിനാൽ 10 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 27 കോടിയോളം രൂപയൂടെ വരുമാന നഷ്ടമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായത്. അഞ്ച്- ഏഴ് കോടിയോളം മിച്ചം ലഭിക്കേണ്ടതായിരുന്നെന്നും മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Revenue 164 crore, Expenditure 250 crore, Difference 86 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.