കൊച്ചി: റവന്യൂ വകുപ്പിൽ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾ ഓൺലൈനാക്കി മാറ്റുന്നതിനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറ വിധി അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. വിധി നടപ്പിലാക്കുന്നതിൻെറ പേരിൽ അനാവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അടിച്ചേൽപിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.
പൊതുസ്ഥലം മാറ്റം സംബന്ധിച്ച് മറ്റൊരു വകുപ്പിലും ഇല്ലാത്ത പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയാണ് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സ്ഥാനമേറ്റ ഉടനെ ജീവനക്കാരുടെ സംഘടനകളുമായി റവന്യൂ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഭരണകക്ഷി അനുകൂല സംഘടനകൾ ഒഴികെ മറ്റെല്ലാ സംഘടനകളും ഓൺലൈൻ സ്ഥലംമാറ്റം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നു. പക്ഷേ അതിന് ശേഷവും ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായില്ല.
ഒഴിവില്ലാത്തതിനാൽ സ്വന്തം ജില്ലയിൽ നിന്ന് സ്ഥലം മാറ്റപ്പെട്ടവർക്ക് അവിടെ ഉണ്ടാകുന്ന ആദ്യ ഒഴിവിൽ നിയമനം നൽകണമെന്ന നിബന്ധന അട്ടിമറിക്കാൻ ആറ് മാസം കഴിഞ്ഞേ ഇത്തരക്കാർക്ക് അപേക്ഷ നൽകാനാകൂ എന്ന നിബന്ധന കൊണ്ടുവന്നു. അന്തർ ജില്ലാ സ്ഥലംമാറ്റം മാത്രമാണ് ഇപ്പോൾ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇതിലാകട്ടെ ഓപ്ഷൻ സ്വീകരിക്കുന്നത് ജില്ലകളിലേക്കല്ല, സ്റ്റേഷനുകളിലേക്കാണ്. ജില്ലക്കുള്ളിലെ അർഹരായ ജീവനക്കാർക്ക് പൊതു സ്ഥലം മാറ്റം നിഷേധിച്ച് ജൂനിയറായ ജീവനക്കാർക്ക് മാത്രം പ്രത്യേക അവസരം നൽകുന്ന അപാകത ചൂണ്ടിക്കാണിച്ചതിന് ശേഷവും തിരുത്തിയിട്ടില്ല. ഏറെ ആക്ഷേപങ്ങൾക്കിടയാക്കുന്ന ജില്ലക്കുള്ളിലെ സ്ഥലം മാറ്റങ്ങൾ ഓൺലൈനാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
വകുപ്പിലെ സ്ഥലം മാറ്റങ്ങൾ സുതാര്യമാക്കാനുള്ള ഓൺലൈൻ ട്രാൻസ്ഫർ നടപടികൾ നിലവിലെ ക്രമവിരുദ്ധമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് റവന്യൂ ഐക്യവേദി ചെയർമാൻ കെ. ബിലാൽ ബാബു മാധ്യമത്തോട് പറഞ്ഞു. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.