തിരുവനന്തപുരം: പാട്ടക്കുടിശ്ശികയായ കോടികൾ പിരിച്ചെടുക്കാൻ കടമ്പകളേറെയെന്ന് റവന്യൂവകുപ്പ്. സർക്കാർ പ്രഖ്യാപനം കണക്കെടുപ്പിനപ്പുറം കടലാസിലൊതുങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞത്. കാലങ്ങളായി വിവിധ സ്ഥാപനങ്ങളും വ്യക്തികളും അടക്കാനുള്ള പാട്ടക്കുടിശ്ശിക പിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സമ്മർദമുള്ളതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതുപോലെ പൊതുമേഖല സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുടിശ്ശിക പിരിക്കാനുമാവുന്നില്ല.
സർക്കാറിനുമേൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളുമാണ് കുടിശ്ശിക വരുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് കുടിശ്ശിക ഏറെ. ഒരുകോടിയിലധികം അടക്കാനുള്ളവരുടെ പട്ടിക പരിശോധിച്ചാൽ ശരാശരി എറണാകുളത്ത് -600 കോടിയോളവും തൃശൂരിൽ -200, തിരുവനന്തപുരത്ത് -100 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്.
തിരുവനന്തപുരത്ത് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ 20.44 കോടി അടക്കാനുണ്ട്. എറണാകുളത്ത് പാട്ടം അനുവദിച്ച സ്ഥാപനങ്ങളല്ല നിലവിൽ ഭൂമി ഉപയോഗിക്കുന്നതിൽ ഏറെയും. യഥാർഥ പാട്ടക്കാരനിൽനിന്ന് ഇത് വാണിജ്യാവശ്യത്തിന് ലഭിച്ചതാണ്. കേന്ദ്ര-സംസ്ഥാന പൊതുമേഖല, സഹകരണ, സാംസ്കാരിക സ്ഥാപനങ്ങൾ അടക്കാനുള്ള തുക ആരിൽനിന്ന് ഈടാക്കുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ ചോദ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും സാമുദായിക ട്രസ്റ്റുകളുടേതാണ്. പ്രവർത്തനം നിർത്തിയ സ്ഥാപനങ്ങളും കുടിശ്ശിക അടക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.