കോഴിക്കോട്: കേരളീയർ കൂടുതലായി ഉപയോഗിക്കുന്ന പുഴുങ്ങലരിയുടെ വിഹിതം റേഷൻകടകളിൽ കുറഞ്ഞുവരുന്നുവെന്ന് പരാതി. കഞ്ഞിയും ഊണും പ്രധാന ആഹാരമായ കേരളീയർക്ക് പുഴുങ്ങലരിയാണ് പ്രിയം. ഇതുവരെ 70:30 എന്ന അനുപാതത്തിലാണ് യഥാക്രമം പുഴുങ്ങലരിയും പച്ചരിയും നൽകിയിരുന്നത്. ഇപ്പോൾ എല്ലാമാസവും 50 ശതമാനത്തിൽ കൂടുതൽ പച്ചരിയാണ് നൽകുന്നതെന്നാണ് പരാതി. ബാക്കി ഗുണമേന്മ കുറഞ്ഞ കുത്തരിയും പുഴുങ്ങലരിയും സ്റ്റോക്കിന് ആനുപാതികമായി നൽകുകയാണ് ചെയ്യുന്നത്. ഓരോ മാസം കഴിയുംതോറും പച്ചരിയുടെ തോത് വർധിച്ചുവരുന്നത് ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നു.
മുൻഗണന വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് സാധാരണ റേഷന്‍ പുറമെ ഒരാൾക്ക് അഞ്ച് കിലോഗ്രാം തോതിൽ നൽകിവരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരമുള്ള അരിയും ഇപ്പോൾ റേഷൻകടകളിൽ സ്റ്റോക്ക് ലഭിച്ചത് പച്ചരിയാണ്. ഈ മാസവും പച്ചരിയാണ് കൂടുതൽ ലഭിക്കുകയെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. സ്വകാര്യ, വൻകിട കച്ചവടക്കാരും റൈസ് മില്ലുകാരും റേഷൻവിതരണത്തിൽ ഇടപെടുന്നതിനാലാണ് ഇതെന്നാണ് സംശയം.
റേഷൻകടകളിലെ പുഴുങ്ങലരിയുടെ അഭാവത്തിൽ പൊതുമാർക്കറ്റുകളിൽ ജയ, മട്ട, കുറുവ, തുടങ്ങിയ എല്ലാത്തരം പുഴുങ്ങലരിയുടെയും വിൽപന ഗണ്യമായി വർധിക്കാൻ ഇത് കാരണമായിട്ടുണ്ട്. വടക്കൻ ജില്ലകളിലേക്ക് കൂടുതൽ പുഴുങ്ങലരി ലഭിക്കുന്നതരത്തിൽ റേഷൻ അരിയുടെ തോത് ക്രമീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.