അരിവില: സഭയിൽ ഭരണ–പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചയില്‍ സഭ തിളച്ചു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പഴിചാരിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ വിലക്കയറ്റത്തിന്‍െറ തീവ്രത അനാവരണം ചെയ്യപ്പെട്ടു. ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ട പി. തിലോത്തമന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. വിലക്കയറ്റം സംബന്ധിച്ച് എം. ഉമ്മറിന്‍െറ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതുടര്‍ന്ന് ഇറങ്ങിപ്പോകും മുമ്പ് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യു.ഡി.എഫിന് പിന്നാലെ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളും ബി.ജെ.പി അംഗവും ഇറങ്ങിപ്പോയി.

ബ്രാന്‍ഡഡ് അരികളായ ജയ ഉള്‍പ്പെടെയുള്ളവക്ക് വില വര്‍ധിച്ചതായി മറുപടി പ്രസംഗത്തില്‍ മന്ത്രി തിലോത്തമന്‍ സമ്മതിച്ചു. എന്നാല്‍, എല്ലാ വിഭാഗം അരികള്‍ക്കും വില കൂടിയിട്ടില്ല. അരിവില നിയന്ത്രിക്കാന്‍ എല്ലാ ജില്ലകളിലും അരിക്കടകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സപൈ്ളകോ വിപണനകേന്ദ്രങ്ങള്‍ വഴി ആവശ്യത്തിന് അരി എത്തിക്കും. ജയ വിഭാഗത്തില്‍ വിലകൂടിയ ലളിത ബ്രാന്‍ഡ് അരി കിലോക്ക് 39.50 രൂപവെച്ച് 1000 ടണ്‍ വാങ്ങാന്‍ കഴിഞ്ഞദിവസം ആന്ധ്രയിലെ അരിക്കച്ചവടക്കാരുമായി ധാരണയായി. വ്യാഴാഴ്ച അരി എത്തിത്തുടങ്ങും. ഇതു ന്യായവിലയ്ക്ക് വിതരണം ചെയ്യും.

ദക്ഷിണ കേരളത്തിലാണ് വിലവര്‍ധന കൂടുതല്‍ ബാധിച്ചത്. വരള്‍ച്ചമൂലം ആന്ധ്രയില്‍ അരി ഉല്‍പാദനം കുറഞ്ഞതും അവര്‍ ആഫ്രിക്കയിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയതും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ അരിക്ക് കൂടുതലായി ആന്ധ്രയെ ആശ്രയിച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ അവസരം ഉപയോഗിച്ച് അവര്‍ വില ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് സമയത്തിന് പണം നല്‍കാത്തതുകൊണ്ട് ആന്ധ്രയിലെ അരി വ്യാപാരികള്‍ സര്‍ക്കാറുമായി നേരിട്ട് ഇടപാടിന് തയാറാകുന്നില്ല. അവര്‍ക്ക് നല്‍കാനുള്ള പണം സര്‍ക്കാര്‍ കൊടുത്തുതുടങ്ങിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് കൊല്ലത്തെ ചില വ്യാപാരികള്‍ ഇടനിലക്കാരായിനിന്ന് കൊള്ളലാഭത്തിന് ശ്രമിക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യാപാരികളല്ല വിലക്കയറ്റത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയിലെ സംഭ്രമജനകമായ സാഹചര്യം മന്ത്രിക്ക് ബോധ്യമായിട്ടില്ളെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ എം. ഉമ്മര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ വിലവിവരം ശേഖരിച്ചായിരുന്നു ഉമ്മറിന്‍െറ പ്രസംഗം. വിലനിയന്ത്രിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി ഇടപെട്ട് വേഗം പരിഹാരം കാണണം.

 പ്രശ്നത്തിന്‍െറ ഗൗരവം മുന്നില്‍കണ്ട് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം മൂന്ന് അരിക്കടകളാണ് തുടങ്ങിയതെന്ന് ഉമ്മര്‍ പരിഹസിച്ചു. മമതയുടെ അറിവോടെ ബംഗാളില്‍നിന്ന് ഇവിടേക്ക് അരി കൊണ്ടുവരാനാകില്ല. ബംഗാളിനെ മാത്രം ആശ്രയിക്കാതെ അരിക്ക് മറ്റ് സംസ്ഥാനങ്ങളേയും സമീപിക്കണം. പ്രശ്നത്തിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ്, വിലക്കയറ്റം നിയന്ത്രിക്കാര്‍ പരാജയപ്പെട്ട മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസംഗം കഴിഞ്ഞ് ഇരുന്ന പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചില്ല. ഇതിനുശേഷം എഴുന്നേറ്റ കുഞ്ഞാലിക്കുട്ടി എന്തായാലും തങ്ങള്‍ ഇറങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് യു.ഡി.എഫ് ഒന്നാകെ ഇറങ്ങിപ്പോയി.

Tags:    
News Summary - rice price: dispute in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.