തിരുവനന്തപുരം: ചരക്കുവാഹനങ്ങളിലെ അമിതഭാരവും അലക്ഷ്യമായ കയറുകളും മരണക്കുരുക്കാകുമ്പോൾ എ.ഐ കാമറകൾ വഴി പിടിച്ച കുറ്റങ്ങളിൽ ചെലാനയക്കാനുള്ള തിരക്കിലാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. സീറ്റ് ബെൽറ്റും ഹെൽമറ്റും മാത്രം പിടികൂടുന്ന എ.ഐ കാമറകൾ വന്നതോടെ നിരത്തിലെ പരിശോധനയും നിരീക്ഷണവും കുറഞ്ഞു. ഇതോടെ ഹെവി വാഹനങ്ങളുടെ അടക്കം മറ്റ് നിയമലംഘനങ്ങൾ വ്യാപകമായി. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമടക്കം ഒന്നിലധികം സ്ഥലങ്ങളിൽ ചരക്കിറക്കേണ്ട വാഹനങ്ങൾ ആദ്യയിടത്ത് സാധനമിറക്കിയശേഷം കയറുകൾ കെട്ടിയുറപ്പിക്കാതെ അഴിച്ചിട്ടാണ് ഓടുന്നത്. വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കുമടക്കം ഭീഷണിയായ ഈ നിയമലംഘനം തടയാൻ നിലവിൽ സംവിധാനങ്ങളില്ല. നിർമാണ സാമഗ്രികളും ഗൃഹോപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത്തരത്തിൽ കയറിൽ കുരുങ്ങി അപകടത്തിൽപെടുന്നത് അധികവും ഇരുചക്രവാഹനങ്ങളാണ്.
റോഡിലേക്ക് തള്ളിനിൽക്കുന്ന കമ്പികളുമായി പോകുന്ന വാഹനങ്ങൾ ദേശീയപാതയിലടക്കം പതിവ് കാഴ്ചയാണ്. ക്വാറിയിൽനിന്ന് പോകുന്ന ലോറികൾ ലോഡ് കൃത്യമായി മറയ്ക്കണമെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കാറില്ല. ഇത്തരത്തിൽ ലോറിയിൽനിന്ന് പാറ റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടങ്ങൾ നിരവധിയാണ്. മണലും മണ്ണും മറ്റും ഇറക്കിയശേഷം കൃത്യമായി വൃത്തിയാക്കാതെ റോഡിലേക്കിറങ്ങുന്ന വാഹനങ്ങൾ മറ്റ് വാഹനയാത്രികർക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും അപകട ഭീഷണിയും ചെറുതല്ല. പൂഴിയും മറ്റും പറത്തി പായുന്ന വാഹനങ്ങൾക്ക് പിന്നാലെയുള്ള ഇരുചക്ര വാഹനയാത്രക്കാരുടെ കാഴ്ച മറച്ച് വലിയ അപകട സാധ്യതയാണ് റോഡിൽ സൃഷ്ടിക്കുന്നത്.
രാത്രികാലങ്ങളിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ ലോഡുമായി പോകുന്ന തടി ലോറികളാണ് മറ്റൊന്ന്. ചരക്കുവാഹനങ്ങളില്‍ ആദ്യത്തെ ഒരു ടണ്‍വരെയുള്ള അമിതഭാരത്തിന് 2000 രൂപയും പിന്നീടുള്ള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴയീടാക്കാം. അധികമായി ടൺ കണക്കിന് ഭാരവുമായി വരുന്ന ലോറികളെ കൈമടക്ക് വാങ്ങി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും കണ്ണടക്കുന്ന സ്ഥിതിയുമുണ്ട്. അധിക ടണിന് പിഴ കണക്കാക്കിയാൽ 20,000 വും 30,000 വും അടയ്ക്കണം. എന്നാൽ, 5000 മോ 6000 മോ കൈക്കൂലി നൽകിയാൽ കടമ്പ കടന്നുകിട്ടും. വാഹനയുടമയും ഉദ്യോഗസ്ഥനും സൗകര്യവും. അമിതഭാരം വാഹനത്തില്‍നിന്ന് ഇറക്കാനും ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ചെയ്യാറില്ല. ഏതാനും മാസം മുമ്പ് ഓപറേഷൻ ഓവർലോഡ് എന്ന പേരിൽ പ്രത്യേക പരിശോധന നടന്നെങ്കിലും പിന്നീട് തുടർച്ചയുണ്ടായില്ല.
കഴിഞ്ഞ ഒരുമാസത്തിനിടെ 20.42 ലക്ഷം (20,42,542) ഗതാഗതക്കുറ്റങ്ങൾ എ.ഐ കാമറകൾ പിടികൂടിയെങ്കിലും ഇ-ചലാൻ സൃഷ്ടിച്ചത് 1.28 ലക്ഷം മാത്രമായിരുന്നു. ഈ സാഹചര്യത്തിൽ പരമാവധി ഉദ്യോഗസ്ഥരെ നിയോഗിച്ച് മൂന്ന് മാസത്തിനുള്ളിൽ ചലാൻ നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ നിർദേശം. ഉദ്യോഗസ്ഥരെല്ലാം ഈ ദൗത്യത്തിന് പിന്നാലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.