പത്തനംതിട്ട: പ്രളയദുരന്ത നിവാരണത്തിെൻറ മറവിൽ ആദ്യഘട്ടത്തിൽ 14 നദികളിൽനിന്ന് മണൽ വാരാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. മണ്ണും ചളിയും മണലും നീക്കാനുള്ള അനുമതി മറയാക്കി നദികളിൽനിന്ന് വൻതോതിൽ മണൽ കടത്താൻ മണൽ മാഫിയ രംഗത്തിറങ്ങിക്കഴിഞ്ഞു.
വൻതോതിൽ മണൽ വാരി മരണമണി മുഴങ്ങിയപ്പോഴാണ് 2012ൽ സംസ്ഥാനത്ത് നദികളിൽനിന്നുള്ള മണൽഖനനം തടഞ്ഞത്. സുപ്രീംകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും നദികളിലെ മണൽവാരൽ നിരോധിച്ച് ഉത്തരവും ഇതിനിടയിലിറങ്ങി. പ്രളയസാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതപ്പുഴ, ചന്ദ്രഗിരിപ്പുഴ, മയ്യഴിപ്പുഴ, പെരുവമ്പ്ര, കടലുണ്ടിപ്പുഴ, ഉപ്പളപ്പുഴ, പെരിയാർ, മൂവാറ്റുപുഴ, ചാലിയാർ, അച്ചൻകോവിലാർ, പമ്പ തുടങ്ങിയ നദികളിൽനിന്ന് മണലും മണ്ണും ചളിയും നീക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്.
നദിയുടെ അടിത്തട്ട് കുഴിച്ചതുകൊണ്ടുമാത്രം പ്രളയത്തെ തടയാൻ കഴിയില്ലെന്നും ഇത് നദികളുടെ നാശത്തിന് വഴിയൊരുക്കുമെന്നും നിയമസഭ പരിസ്ഥിതി സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. മണൽവാരി അഗാധ ഗർത്തങ്ങളായി കിടന്ന നദികളിൽ 2018ലെ പ്രളയകാലത്ത് വൻതോതിൽ മണലടിഞ്ഞെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. എന്നാൽ, വർഷങ്ങളുടെ ഖനനം മൂലം നാലുമുതൽ ആറുമീറ്റർ വരെ താഴ്ന്ന നദികളുടെ അടിത്തട്ടിൽ ഒരടിപോലും ചളിയും മണലും എത്തിയിട്ടില്ലെന്ന് പമ്പാ പരിരക്ഷണ സമിതി അടക്കം പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
12 നദികളിൽ അടിത്തട്ട് കുഴിക്കാൻ കഴിയാത്തവിധം മണൽ വാരിപ്പോയെന്ന് റിവർ മാനേജ്മെൻറ് അതോറിറ്റി നടത്തിയ മണൽ ഓഡിറ്റിങ്ങിൽ മുമ്പ് കെണ്ടത്തിയിരുന്നു. ഭാരതപ്പുഴയിലെ മണൽവാരൽ കർശനമായി തടയണമെന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി 2017 ആഗസ്റ്റ് 23ന് സർക്കാറിന് സമർപ്പിച്ച റിേപ്പാർട്ടിൽ നിർദേശിച്ചിരുന്നു.
ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്നും 'നാഷനൽ റിവർ നെറ്റ്വർക്കി'ൽ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്നും സമിതി വ്യക്തമാക്കിയിരുന്നു. 10 മീറ്ററോളം അടിത്തട്ട് താഴ്ന്ന നദികളുടെ ചില മേഖലകളിൽ ഉപ്പുരസം കലർന്നതും ഒാരുവെള്ള സാന്നിധ്യം കെണ്ടത്തിയതും കേന്ദ്ര ജലകമീഷെൻറ പഠനത്തിൽ പുറത്തുവന്നിരുന്നു. പൂർണമായി നദികളെ ആശ്രയിച്ച് നിലനിൽക്കുന്ന കുടിവെള്ള വിതരണ പദ്ധതികൾ അടിത്തട്ട് മാന്തുന്നത് മൂലം താളംതെറ്റാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.