കാസർകോട്: പഴയചൂരിയിലെ മദ്റസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കർണാടക എം.പിയുടെ പ്രകോപനപരമായ പ്രസംഗം പരിശോധിക്കാൻ തീരുമാനിച്ച അന്വേഷണസംഘത്തിന് ലഭിച്ചത് എഡിറ്റ് ചെയ്ത സീഡി.
റിയാസ് മൗലവി കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് കാസർകോടിന് സമീപം സംഘടിപ്പിച്ച കബഡി ടൂർണമെൻറ് ഉദ്ഘാടനം ചെയ്ത ബി.ജെ.പി നേതാവായ എം.പിയുടെ പ്രസംഗം സാമുദായികസംഘർഷത്തിന് പ്രേരണ നൽകുന്നതാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണസംഘം പ്രസംഗത്തിെൻറ സീഡി ഹാജരാക്കണമെന്നാവശ്യപ്പെട്ട് സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞദിവസം ഹാജരാക്കിയ സീഡി പരിശോധിച്ചപ്പോൾ വിവാദസ്വഭാവമുള്ള പരാമർശങ്ങൾ എഡിറ്റ് ചെയ്ത് നീക്കിയതായാണ് കണ്ടെത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. എഡിറ്റ് ചെയ്യാത്ത പ്രസംഗത്തിെൻറ പൂർണരൂപമുള്ള സീഡി ശേഖരിക്കാൻ ശ്രമംനടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കുന്നതിനായി വിട്ടുകിട്ടാൻ ഇന്ന് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരിച്ചറിയൽ പരേഡിനുശേഷം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും അപേക്ഷ നൽകും.
മുഖ്യപ്രതി കേളുഗുഡ്ഡെയിലെ അജേഷിെൻറ വീട്ടില്‍ പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തി രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. അലക്കാനിട്ട വസ്ത്രങ്ങള്‍ക്കിടയില്‍നിന്നാണ് രക്തംപുരണ്ട ഷര്‍ട്ടും മുണ്ടും കണ്ടെടുത്തത്. റിയാസ് മൗലവിയെ മരിച്ചനിലയിൽ കണ്ട പള്ളിയോടുചേർന്ന മുറിയിൽനിന്ന് ലഭിച്ച രക്തസാമ്പിളും വസ്ത്രത്തില്‍ കാണപ്പെട്ട രക്തവും ഒന്നുതന്നെയാണോയെന്ന് തിരിച്ചറിയാൻ ഇവ ശാസ്ത്രീയ പരിശോധനക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.