കാസർകോട്: റിയാസ് മൗലവി വധക്കേസിൽ ഗൂഢാലോചന ഉൾെപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ ഡോ. എ. ശ്രീനിവാസ് ‘മാധ്യമ’ ത്തോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിരവധി പരിശോധനകൾ നടത്താനുണ്ട്. അപ്പോൾ പ്രതികളുടെ എണ്ണം കൂടിയേക്കാം, കൂടാതിരുന്നേക്കാം. കൊലക്കുമുമ്പ് നടന്ന, കബഡി ടൂർണമെൻറുമായി ബന്ധപ്പെട്ട പ്രകോപനപരമായ പ്രസംഗം ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് സംഘാടകരോട് ആവശ്യപ്പെട്ടിട്ടുെണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പ്രതികളുടെ അറസ്റ്റിലാണ് കേന്ദ്രീകരിച്ചത്. ഇനി തിരിച്ചറിയൽ പരേഡ് നടക്കാനുണ്ട്. സാക്ഷികളുടെ കാര്യത്തിൽ കൃത്യത വരുത്താനുണ്ട്. തിരിച്ചറിയൽ പരേഡ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. കേസുമായും അന്വേഷണ റിപ്പോർട്ടുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് ഡോ. ശ്രീനിവാസ് പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിൽ കേസിലെ ഗൂഢാലോചന ഉൾപ്പെട്ടില്ലെന്ന വിവാദം സർക്കാറിെൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അന്വേഷണ സംഘത്തിൽ മാറ്റമുണ്ടായതെന്നാണ് സൂചന. റിയാസ് മൗലവിയെ കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് ബി.എം.എസിെൻറ നേതൃത്വത്തിൽ മീപ്പുഗിരിയിൽ അഡ്വ. സുഹാസ് സ്മാരക കബഡി ടൂർണമെൻറ് നടന്നിരുന്നു. ഇൗ ടൂർണമെൻറിലെ നേതാവിെൻറ ഉദ്ഘാടന പ്രസംഗം പ്രകോപനമായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് ഗൂഢാലോചന നടന്നുവെന്നത് അന്വേഷണ സംഘം ആദ്യം എഴുതിത്തള്ളിയത്. റിയാസ് മൗലവി വധക്കേസ് അന്വേഷണം മറ്റ് ദിശകളിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തലവൻ ഇപ്പോൾ നൽകുന്ന സൂചന. അതിനിടെ, അറസ്റ്റിലായ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വർഗീയ ധ്രുവീകരണത്തിന് ശ്രമം- വെൽഫെയർ പാർട്ടി
കാസർകോട്: വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് കേരളത്തിൽ അധികാരം പിടിക്കാനുള്ള സംഘ്പരിവാറിെൻറആസൂത്രിത ശ്രമത്തിെൻറ ഭാഗമാണ് റിയാസ് മൗലവിയുടെ കൊലപാതകമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. കൊലയാളികൾ ബി.ജെപിക്കാരാണെന്ന് പൊലീസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ല നേതൃത്വത്തിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പുതിയ നിലപാട് വ്യക്തമാക്കപ്പെടേണ്ടതുണ്ട് സമയോചിത ഇടപെടലിൽ പ്രശംസിക്കപ്പെടുന്ന പൊലീസ് ഗൂഢാലോചന പുറത്ത് കൊണ്ടുവരണം, കേസ് ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ചെറുത്തുതോൽപിക്കപ്പെടണം, സംഘ്പരിവാറിെൻറ വർഗീയ ധ്രുവീകരണ താൽപര്യങ്ങളെ പ്രതിരോധിക്കാ൯ എല്ലാ ജനാധിപത്യ വിശ്യാസികളും കൈകോർക്കണമെന്നും ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. സി.എച്ച്. ബാലകൃഷ്ണ൯, അമ്പുഞ്ഞി തലക്ലായി, മീദ് കക്കണ്ടം, പി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
റിയാസ് മൗലവിയുടെ കൊലപാതകം: പഴുതടച്ച അേന്വഷണം വേണം -മുനവ്വർ അലി ശിഹാബ് തങ്ങൾ
കാസർകോട്: ചൂരി പഴയ ജുമാമസ്ജിദ് മുഅദ്ദിനും മദ്റസാധ്യാപകനുമായ റിയാസ് മൗലവിയെ കൊല ചെയ്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ബി.ജെ.പി, ആർ.എസ്.എസ് ഭീകരതക്കെതിരെ പഴുതടച്ച അന്വഷണവും കഠിന ശിക്ഷയും ഉറപ്പ് വരുത്തണമെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ. റിയാസ് മുസ്ലിയാർ കൊല്ലപ്പെട്ട പള്ളി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. നേതാക്കളായ എ.കെ.എം് അഷ്റഫ്, അഷ്റഫ് എടനീർ, ടി.ഡി. കബീർ, എം.എസ്. മുഹമ്മദ്കുഞ്ഞി, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, യൂസുഫ് ഉളുവാർ, മൊയ്തീൻ കൊല്ലമ്പാടി, എ.ബി ഷാഫി, അബ്ബാസ് ബീഗം, അബ്ദുറഹ്മാൻ ഹാജി പട്ട്ള, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗർ, അസ്കർ ചൂരി, നാസർ ചായിൻറടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ. നജീബ്, അസീസ് കളത്തൂർ, സെഡ്.എ. കയ്യാർ, സിദ്ദീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: പി. കരുണാകരൻ എം.പി
കാസർകോട്: വർഗീയ സംഘർഷത്തിലൂടെ ജില്ലയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പി. കരുണാരൻ എം.പി അഭ്യർഥിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കാസർകോട് കുറേക്കാലമായി സമാധാനാന്തരീക്ഷം നിലനിൽക്കുന്നത്. ഇത് ഇഷ്ടപ്പെടാത്തവരാണ് കാരണമില്ലാതെ പഴയ ചൂരിയിലെ പള്ളിയോട് ചേർന്നുള്ള താമസ സ്ഥലത്ത് കയറി മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയത്. ജില്ലയിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ്. പിടിയിലായ പ്രതികൾ പ്രദേശിക ആർ.എസ്.എസ് പ്രവർത്തകരാണ്.കാസർകോട് കലാപമുണ്ടാക്കൽ ലക്ഷ്യമിട്ടുള്ള കൊല ബോധപൂർവമാണ്. വളരെ പെട്ടെന്നുതന്നെ പ്രത്യേക അന്വേഷക സംഘം പ്രതികളെ പിടികൂടിയത് അഭിനന്ദനാർഹമാണ്. കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെങ്കിൽ അതിന് തയാറാകണമെന്ന് എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റിയാസ് മൗലവി വധം: അന്വേഷണ സംഘത്തലവനെ ലീഗ് നേതാക്കൾ സന്ദർശിച്ചു
കാസർകോട്: ചൂരി മുഹിയുദ്ദീൻ മസ്ജിദ് മുഅദ്ദിൻ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്ത സാഹചര്യത്തിൽ മുസ്ലിംലീഗ് നേതാക്കൾ അന്വേഷണ തലവൻ ഡോ. ശ്രീനിവാസനെ നേരിൽ കണ്ട് അഭിനന്ദിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്നും, കുറ്റകൃത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും, കുറ്റകൃത്യത്തിനു പ്രേരകമാകുന്ന രീതിയിൽ പ്രസംഗിച്ച സംഘ്പരിവാർ നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല നേതാക്കളായ എം.സി. ഖമറുദ്ദീൻ, എ. അബ്ദുറഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ,. അഡ്വ. സി. ഷുക്കൂർ എന്നിവരടങ്ങുന്ന സംഘമാണ് ഡോ. ശ്രീനിവാസനെ കണ്ടത്.
ചൂരി സംഭവം ആവർത്തിക്കാൻ അനുവദിക്കരുത് -എ.െഎ.വൈ.എഫ്
കാസർകോട്: ജില്ലയെ മതഭ്രാന്തന്മാരുടെയും വർഗീയ കാപാലികരുടെയും നാടാക്കി മാറ്റാൻ ചിലർ നടത്തിയ ഗൂഢ നീക്കമാണ് ചൂരി സംഭവമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ, പ്രസിഡൻറ് ബിജു ഉണ്ണിത്താൻ എന്നിവർ അഭ്യർഥിച്ചു.ബോധപൂർവ കുഴപ്പങ്ങളുണ്ടാക്കി ജില്ലയുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ നാട്ടിലെ മതേതരത്വം ഇല്ലാതാക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.