അവഗണന സഹിച്ച് എൽ.ഡി.എഫിൽ തുടരുന്നതിൽ ആർ.ജെ.ഡിക്ക് കടുത്ത അമർഷം; അടിയന്തര യോഗം ഇന്ന് തൃശൂരിൽ

തൃശൂർ: എൽ.ഡി.എഫ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വെള്ളിയാഴ്ച തൃശൂരിൽ ചേരും. അവഗണന സഹിച്ച് മുന്നണിയിൽ തുടരുന്നതിലുള്ള കടുത്ത അമർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിന്‍റെ നേതൃത്വത്തിൽ യോഗം ചേരുന്നത്.

മുന്നണിയിലെ മറ്റു ചെറുപാർട്ടികളെയെല്ലാം പദവികളിലും മറ്റും പരിഗണിക്കുമ്പോഴും ആർ.ജെ.ഡിയെ അകറ്റിനിർത്തുകയാണെന്നും മുന്നണിസംവിധാനം അപ്രസക്തമാക്കി സുപ്രധാന വിഷയങ്ങളിൽ സി.പി.എമ്മും സി.പി.ഐയും ധാരണയുണ്ടാക്കി മുന്നണി യോഗത്തിൽ കൈയടിച്ച് പാസാക്കുകയാണെന്നുമുള്ള വികാരമാണ് പാർട്ടി ഭാരവാഹികൾക്കുള്ളത്.

എൽ.ഡി.എഫ് ബന്ധം വിച്ഛേദിച്ച് യു.ഡി.എഫിനൊപ്പം പോയപ്പോൾ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നിരന്തരം എം.പി. വീരേന്ദ്രകുമാറിനെ കണ്ട് അഭ്യർഥിച്ചതിനാലാണ് മുന്നണിയിൽ തിരിച്ചെത്തിയതെങ്കിലും ഘടകകക്ഷിയാക്കാൻ പിന്നെയും ഒരു വർഷം കാത്തിരിക്കേണ്ടിവന്നുവെന്നും അതേ അവഗണന ഇന്നുവരെ അനുഭവിക്കുകയാണെന്നും ഒരു ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിനു പുറമെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും അർഹമായ പരിഗണന ഉണ്ടായില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ഏഴു സീറ്റ് ലഭിച്ചിരുന്നു. എൽ.ഡി.എഫിൽ തിരിച്ചെത്തിയപ്പോൾ സീറ്റ് മൂന്നായി ചുരുങ്ങിയെന്നും പാർട്ടി ഭാരവാഹി പറഞ്ഞു.

Tags:    
News Summary - RJD Emergency meeting today in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.