തിരുവനന്തപുരം: രാജ്യസഭ സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി. ഇടതുമുന്നണിയിൽ തങ്ങൾ വലിഞ്ഞു കയറി വന്നവരല്ലെന്നും അർഹമായ പരിഗണന എൽ.ഡി.എഫിൽ ലഭിക്കുന്നില്ലെന്നും ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. തുടക്കം മുതൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും അത് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മുന്നണിമാറ്റം പരിഗണനയിലില്ലെന്നും എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മുന്നണിമാറ്റം ആലോചനയിലില്ല. ചില പ്രത്യേക പാർട്ടികൾക്ക് പരിഗണന നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആർ.ജെ.ഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സി.പി.എം മാന്യത കാട്ടണമായിരുന്നു.
രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ ഞങ്ങളുടെ സീറ്റ് സി.പി.ഐ എടുത്തു. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സി.പി.ഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫിൽ ഒഴിവ് വന്ന രണ്ട് രാജ്യസഭ സീറ്റുകൾ സി.പി.ഐക്കും കേരള കോൺഗ്രസിനുമാണ് നൽകിയത്. സി.പി.ഐയിൽ നിന്നും പി.പി സുനീറും കേരള കോൺഗ്രസിൽ നിന്നും ജോസ് കെ മാണിയും സ്ഥാനാർഥിയാകുമെന്നാണ് എൽ.ഡി.എഫ് അറിയിച്ചത്. സീറ്റിനായി ആർ.ജെ.ഡി അവകാശവാദം ഉന്നയിച്ചെങ്കിലും ഇത് എൽ.ഡി.എഫ് പരിഗണിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.