മലപ്പുറം: കാലാവസ്ഥ വ്യതിയാനമടക്കം വിവിധ കാരണങ്ങളാൽ സംസ്ഥാനത്തെ റോഡുകള്‍ തകരുന്നത് ചെറുക്കാൻ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള കേരള ഹൈവേ റിസർച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അവസാനഘട്ടത്തിൽ. ഗവേഷണത്തിന്റെ ഒന്നാം ഘട്ടം നേരത്തേ പൂര്‍ത്തിയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെയാണ് ഗവേഷണപദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പരിഗണിച്ചത്.
റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റലുകളുടെ (കരിങ്കല്ല്) അമിത അമ്ലതയാണ് റോഡുകളുടെ തകരാറുകള്‍ക്ക് പ്രധാന കാരണമെന്ന് ആദ്യഘട്ട പഠനത്തിൽ കണ്ടെത്തിയിരുന്നു. തെക്കൻ ജില്ലകളിലെ ക്വാറികളിൽനിന്ന് ശേഖരിച്ച കരിങ്കല്ലായിരുന്നു പഠനത്തിന് ഉപയോഗിച്ചത്. കേരളത്തിൽ റോഡ് നിർമാണത്തിനുപയോഗിക്കുന്ന പശ്ചിമഘട്ടത്തിലെ പാറകളിൽ കൂടിയ അളവിൽ സിലിക്ക അടങ്ങിയതാണ് മെറ്റലിന്റെ അമ്ലസ്വഭാവത്തിന് കാരണമെന്നും പഠനത്തിൽ വ്യക്തമായിരുന്നു. നിശ്ചിത അളവിൽ ചുണ്ണാമ്പുപൊടി, സിമന്റ് തുടങ്ങിയവ നിർമാണവേളയിൽ ബിറ്റുമിനസ് മിശ്രിതത്തിലേക്ക് ചേർത്ത് ഉപയോഗിച്ചാൽ മെറ്റലിന്റെ അമ്ലസ്വഭാവം കുറക്കാൻ കഴിയുമെന്നും പഠനം ശിപാർശ ചെയ്തിരുന്നു.
ഈ പഠനത്തിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകുന്ന വിവരം. പഠനത്തിന്റെ ഭാഗമായി പൈലറ്റ് അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യ റോഡ് നിർമാണത്തില്‍ ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, റീസൈക്ലിങ് കൂടുതലായി നടപ്പാക്കാന്‍ ‘റാപ്’ സാങ്കേതികവിദ്യയുടെ പഠനം ഐ.ഐ.ടി മദ്രാസുമായി ചേര്‍ന്ന് ആരംഭിക്കാനുള്ള പദ്ധതിക്കും പൊതുമരാമത്ത് വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
താപനില വ്യതിയാനമനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന ‘സുപ്പീരിയര്‍ പെർഫോമിങ് അസ്ഫാല്റ്റ് റോഡുകളും’ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പഠനങ്ങളും കേരള ഹൈവേ റിസർച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുന്നുണ്ട്. നിലവിലുള്ള അസ്ഫാല്റ്റ് റോഡ് മെറ്റീരിയല്‍ റീസൈക്ലിങ്ങിന് വിധേയമാക്കി റോഡ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വീണ്ടും ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ പഠനവും പുരോഗമിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന നൂതന അസ്ഫാൽറ്റ് മിക്സുകള്‍ വികസിപ്പിക്കാന്‍ കേരള ഹൈവേ റിസർച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്വാൻസ്ഡ് അസ്ഫാൽറ്റ് മിക്സ് പെർഫോമൻസ് ടെസ്റ്റിങ് ലബോറട്ടറി ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.