കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കാന നിർമാണം ഇഴയുന്നു. യാത്രാദുരിതത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ നവീകരണ ഭാഗമായി നടക്കുന്ന കാനനിർമാണമാണ് നാളുകളായി ഇഴയുന്നത്. ഇതോടെ ഇത് വഴിയുളള യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായി. ദേശീയ പാതയിലെ കുണ്ടന്നൂർ മുതൽ മൂന്നാർ വരെ 125 കിലോമീറ്ററിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാന നിർമാണം.
എന്നാൽ പുനർനിർമാണമെന്ന പ്രഖ്യാപനവുമായി കുണ്ടന്നൂർ മുതൽ കടാതി വരെയുളള ഭാഗത്ത് റീടാറിങ് ഒരു വട്ടം പൂർത്തിയാകുമ്പോഴും റോഡിന്റെ ഇരു വശങ്ങളിലുമായുളള കാനനിർമാണം ഇഴയുകയാണ്. കാര്യമായ യാതൊരു സുരക്ഷാ മുൻകരുതലുകളുമൊരുക്കാതെ നടക്കുന്ന നിർമാണ പ്രവർത്തികൾ അപകട ഭീതിയുയർത്തുന്നതിന് പുറമേ ഗതാഗതക്കുരുക്കും പതിവാക്കിയിരിക്കുകയാണ്.
ദേശീയ പാത നവീകരണ ഭാഗമായാണ് പാതയോരങ്ങളിൽ പുതിയ കാനകൾ നിർമിക്കുന്നത്. ഇത്തരത്തിൽ കുണ്ടന്നൂർ മുതൽ മൂന്നാർ വരെ പാതയുടെ ഇരു വശങ്ങളിലുമായി 186 കിലോമീറ്റർ ദൂരം പുതിയ കാനകൾ നിർമിക്കുന്നുണ്ട്. കുണ്ടന്നൂർ മുതൽ ആരംഭിച്ച നവീകരണത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ സമയം കാന നിർമാണം ആരംഭിച്ചതോടെയാണ് പ്രവൃത്തികൾ ഇഴയാൻ കാരണം.
പുറമ്പോക്ക് കൂടി ഏറ്റെടുത്ത് കാനനിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഏകദേശം ഒന്നേകാൽ അടി വീതിയിലും ആറ് അടിയോളം താഴ്ചയിലുമാണ് നിലവിലുളള റോഡിനിരുവശങ്ങളിലുമായുളള കാന നിർമാണം. ഇത് മൂലം പലയിടങ്ങളിലും റോഡിന്റെ വീതി കുറഞ്ഞതായാണ് നാട്ടുകാരുടെ ആക്ഷേപം. ഇത് സംബന്ധിച്ച ആക്ഷേപം പ്രാരംഭ ഘട്ടത്തിലേ ഉയർന്നിരുന്നു. എന്നാൽ അധികൃതർ അവഗണിക്കുകയായിരുന്നു.
റോഡിന്റെ ഇരുവശത്തുമായി നടക്കുന്ന കാനനിർമാണം ദേശീയ പാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാക്കുകയാണ്. നിർമാണ ഭാഗമായി തിരുവാങ്കുളം മുതൽ കടാതി വരെ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പലപ്പോഴും ഒറ്റ വരി ഗതാഗതം മാത്രമാണ് അനുവദിക്കുന്നത്. ഇത് ഏറെ നേരത്തെ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
ഇതോടൊപ്പം യാതൊരു സുരക്ഷാ മുന്നറിയിപ്പുകളുമില്ലാതെ നടത്തുന്ന കാനനിർമാണം രാത്രികാലങ്ങളിൽ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാതയിലുളള കൊടുംവളവുകളിലടക്കം യാതൊരു മുന്നിറിയിപ്പുമൊരുക്കാതെയാണ് കാന കീറിയിട്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇതിനടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപെടുന്നത്.
കഴിഞ്ഞ ദിവസം മാമലയിൽ ഇരു ചക്രവാഹനവും കോലഞ്ചേരിയിൽ കാറും അപകടത്തിൽ പെട്ടിരുന്നു. ഇതോടൊപ്പം കാനനിർമാണം നടക്കുന്ന പ്രദേശങ്ങളിലെ വീടുകളിലെ താമസക്കാരും സ്ഥാപനങ്ങൾ നടത്തുന്നവരും ദുരിതത്തിലായിട്ടുണ്ട്. 1073.8 കോടി രൂപ ചെലവിട്ടാണ് വർഷങ്ങൾക്ക് ശേഷം ദേശീയ പാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.