കോഴിക്കോട്: പരിചരണത്തിനായി സേവാഭാരതി ഏറ്റെടുത്ത വയോധികനെ കാണാൻ അനുവദിക്കുന്നില്ലെന്നും ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിക്കുന്നതായും ബന്ധുവിന്‍റെ പരാതി. ചേവരമ്പലം കുണ്ടുമഠം വേണുഗോപാല മേനോനെയാണ് കാണാതായതെന്നും കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും അടുത്ത ബന്ധുവായ ഡോ. മോഹൻ കുമാർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
വേണുഗോപാല മേനോനെ ഏറ്റെടുത്ത ശേഷം ചേവായൂരിലെ സേവാഭാരതി സെക്രട്ടറി സുരേഷും തന്‍റെ രണ്ട് ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ സന്ദർശിക്കുന്നത് വിലക്കുകയായിരുന്നെന്നും ഡോ. മോഹൻ കുമാർ പഞ്ഞു. 89കാരനായ വേണുഗോപാലമേനോന് അൽഷിമേഴ്സ് അടക്കം ആരോഗ്യപ്രശ്നങ്ങളുണ്ട്. കൂടുതൽ പരിചരണത്തിന് വേണ്ടിയാണ് സേവാഭാരതിയെ ഏൽപ്പിച്ചത്. തനിക്ക് സ്വത്തൊന്നും വേണ്ടെന്നും അമ്മാവനായ വേണുഗോപാലമേനോന് മികച്ച പരിചരണം മാത്രമാണ് ലക്ഷ്യമെന്നും സേവാഭാരതിയെ അറിയിച്ചിരുന്നു.
യു.കെയിൽ തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന വേണുഗോപാലമേനോന് കോടിക്കണക്കിന് രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവുമുണ്ട്. സേവിങ്സ് അക്കൗണ്ടിൽ തന്നെ 60 ലക്ഷം രൂപയുണ്ടായിരുന്നു. പ്രതിമാസം 80000 രുപ പെൻഷനുമുണ്ട്.
സേവാഭാരതി ഏറ്റെടുത്ത് ഒരാഴ്ച്ചക്കകം വൻതുകകൾ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ തുടങ്ങിയിരുന്നു. രണ്ട് പുരുഷന്മാർ വേണുഗോപാലമേനോന്‍റെ വീട്ടിൽ താമസിച്ചാണ് പരിചരിക്കുന്നത്. വീടിന്‍റെ മതിലടക്കം ഉയർത്തിക്കെട്ടിയതിൽ ദൂരുഹതയുണ്ട്. അമ്മാവനെ കാണാൻ പോകുമ്പോൾ തിരിച്ചയക്കുന്നത് പതിവായിരുന്നു. മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ലെന്നും ഡോ. മോഹൻ കുമാർ ആരോപിച്ചു.
അതേസമയം, വേണഗോപാലമേനോനെ കാണുന്നതിന് തടസമില്ലെന്ന് ചേവായൂരിലെ സേവഭാരതി സെക്രട്ടറി സുരേഷ് പറഞ്ഞു. സ്ട്രോക്ക് അടക്കമുള്ള രോഗങ്ങൾക്കുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാറുണ്ട്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന് കാര്യങ്ങൾ ബോധ്യപ്പെട്ടതായും സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.