...........................................
തിരുവനന്തപുരം: കുട്ടനാട്ടിലെ പ്രളയം ഒഴിവാക്കുന്നതിനായി എ.സി കനാല്‍ പുഴയുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതുമായി ബന്ധപ്പെട്ട് ജോബ് മൈക്കിള്‍ എം.എ.ല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവില്‍ പുഴയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടില്ലാത്ത നിലയിലാണ് എ.സി കനാല്‍. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന ജലം ഈ രണ്ടു ജില്ലകള്‍ക്കു പുറമേ ആലപ്പുഴ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട് മേഖലകളില്‍ ഏതാനും വര്‍ഷങ്ങളായി പ്രളയത്തിന് കാരണമായിരുന്നു. കനാലിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുകി പോകാതെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു എന്നാണ് വിലയിരുത്തല്‍.
ഈ അവസ്ഥ മാറ്റി കനാലിനെ പുളിങ്കുന്ന്, മങ്കൊമ്പ്, പള്ളാത്തുരുത്തി പുഴകളുമായി ബന്ധിപ്പിച്ച് വെള്ളത്തിന് ഒഴുകി പോകാനുള്ള വഴിയൊരുക്കി വെള്ളപ്പൊക്കം പൂര്‍ണമായും ഒഴിവാക്കുവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
കുട്ടനാട്ടിലെ പ്രളയം ഒഴിവാക്കുന്നതിന് തോട്ടപ്പള്ളി സ്പില്‍വേയിലെ ആഴം വര്‍ധിപ്പിക്കലും അനുബന്ധപ്രവര്‍ത്തനങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷമായി മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടനാട്ടില്‍ പ്രളയം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
പുഴകളിലൂടെ വരുന്ന ജലം എ.സി കനാലിലൂടെ വേമ്പനാട്ട് കായലില്‍ എത്തിച്ച് കടലിലേക്ക് ഒഴുക്കിവിട്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഫലപ്രദമായി നിയന്ത്രിക്കാന്‍ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിരുന്നു. മനക്കച്ചിറ മുതല്‍ പള്ളാത്തുരുത്തി വരെ എ.സി കനാല്‍ തുറക്കാനായിരുന്നു ശിപാര്‍ശ. സ്വാമിനാഥന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനത്തിനായി ചെന്നൈ ഐഐടിയോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. മാര്‍ച്ച് 31 നകം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.