ഫോർട്ട്കൊച്ചി: മോഡലുകളുടെ അപകടമരണവും പോക്സോ കേസും മൂലം വിവാദത്തിലായ നമ്പർ 18 ഹോട്ടൽ വീണ്ടും വിവാദത്തിൽ. ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ യുവാക്കളെ മർദിച്ച കേസിൽ ഹോട്ടലുടമ റോയി വയലാറ്റ്, ജീവനക്കാരായ മട്ടാഞ്ചേരിയിൽ താമസിക്കുന്ന എഴുപുന്ന സ്വദേശി മാത്യു വിനോദ്, കൊട്ടാരക്കര സ്വദേശി വിഷ്ണുകുമാർ, ഫോർട്ട്കൊച്ചി സ്വദേശി ജോസഫ് സെബാസ്റ്റ്യൻ എന്നിവരെയാണ് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ അരൂക്കുറ്റി സ്വദേശി ഫയാസിനും സുഹൃത്ത് സുൾഫിക്കറിനുമാണ് മർദനമേറ്റത്. ഡി.ജെ പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഇത് യുവാക്കൾ ചോദ്യം ചെയ്തു. പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തുടർന്ന് ബഹളമാകുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ഫയാസും സുൽഫിക്കറും ചികിത്സയിലാണ്. സംഭവത്തിൽ മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. മോഡലുകളുടെ അപകട മരണത്തെ തുടർന്ന് വിവാദത്തിലായ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹോട്ടലിൽ വെച്ച് നടന്ന പോക്സോ കേസിലും റോയി വയലാറ്റ് പ്രതിയാണ്. യുവാക്കളെ മർദിച്ച സംഭവത്തിൽ പത്തോളം പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.