തിരുവനന്തപുരം: ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച വിവാദത്തിൽ ഇടതുമുന്നണിയിലെ അമർഷം പുറത്തേക്ക്. സി.പി.ഐയുടെ മുതിർന്ന നേതാവ് പ്രകാശ്ബാബു പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ എ.ഡി.ജി.പി അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും ആവർത്തിച്ചു. എന്നാൽ, ആവശ്യം തള്ളിയ മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ എ.ഡി.ജി.പിക്കെതിരായ നടപടിയിൽ തീരുമാനം അന്വേഷണത്തിന് ശേഷമെന്ന മുന്നണി തീരുമാനം എല്ലാവർക്കും ബാധകമെന്ന് വ്യക്തമാക്കി. പഴുത് ഉപയോഗിച്ച് സർക്കാറിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രകാശ് ബാബുവിന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്റെ മറുപടി.
അതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രകാശ് ബാബു എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിലനിർത്തി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്തവിമർശനമാണ് മുന്നോട്ടുവെക്കുന്നത്. എ.ഡി.ജി.പിയെ നീക്കണമെന്ന പ്രകാശ് ബാബുവിന്റെ ആവശ്യത്തെ പിന്തുണച്ച് ജെ.ഡി.യു നേതാവ് വർഗീസ് ജോർജും രംഗത്തുവന്നു.
പരസ്യപ്രതികരണം നടത്തിയില്ലെങ്കിലും എ.ഡി.ജി.പിക്ക് സംരക്ഷണം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിൽ ഐ.എൻ.എൽ അടക്കമുള്ള കക്ഷികളും അതൃപ്തരാണ്. ഒക്ടോബർ നാലിന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ, എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയെചൊല്ലി ഇടതുമുന്നണി കലുഷിതമാവുകയാണ്.
എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സി.പി.ഐയും ജെ.ഡി.യുവും ആവശ്യപ്പെട്ടതാണ്. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ തീരുമാനമെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തിൽ ഉറപ്പുനൽകി. എന്നാൽ, ആഴ്ച പിന്നിടുമ്പോഴും എം.ആർ. അജിത്കുമാറിനുള്ള സംരക്ഷണം മുഖ്യമന്ത്രി തുടരുകയാണ്. മുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതു പ്രകാരം, ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണത്തിൽ എന്തെങ്കിലും നടക്കുന്നതായി സൂചനകളുമില്ല. ഈ സാഹചര്യത്തിലാണ് സി.പി.ഐ നേതാവ് പ്രകാശ് ബാബു പാർട്ടി പത്രത്തിലൂടെ കടുത്ത അമർഷം പരസ്യമാക്കിയത്.
ഫാഷിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നാണ് പ്രകാശ് ബാബു എഴുതിയത്. രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്കു മാത്രമല്ല സര്ക്കാറിനും മുന്നണിക്കും ബാധകമാണെന്നും പ്രകശ് ബാബു ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ ലാഘവത്തോടെ പ്രതികരിച്ച സി.പി.എമ്മിനെ തുറന്നുകാട്ടുന്നതാണ് സി.പി.ഐ നേതാവിന്റെ തുറന്നുപറച്ചിൽ.
തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സംരക്ഷണം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ചോദ്യംചെയ്ത് സി.പി.ഐ ദേശീയ നിർവാഹക സമിതിയംഗം പ്രകാശ് ബാബു. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റാൻ ഇനിയും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെ. ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ നടപടി ഉടൻ വേണം. അതിന് അന്വേഷണത്തിന്റെ ആവശ്യമില്ല. ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്ന് എ.ഡി.ജി.പി സമ്മതിച്ചതാണ്. ഇടത് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെ നീക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്ക്കാറിനുണ്ടാകണമെന്നും പ്രകാശ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാട് പരസ്യമായി തള്ളുന്ന പരാമർശങ്ങളാണ് പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലും പ്രകാശ് ബാബു നടത്തിയത് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.