തിരുവനന്തപുരം: വാർധക്യത്തിലെത്തിയ നേതാക്കളുടെ കുട്ടിക്കാലത്തെ ആർ.എസ്.എസ് ബന്ധം ചികഞ്ഞ് ഇരുമുന്നണികളും. കേരളം പുറത്ത് നിർത്തിയ ആർ.എസ്.എസ് രാഷ്ട്രീയത്തിന് ഇടംതേടി സംഘ്പരിവാറും സജീവമായി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണമാണ് നേതാക്കളുടെ പൂർവകാല ആർ.എസ്.എസ് ബന്ധം ചികയുന്നതിൽ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും എത്തിച്ചത്. സ്വർണക്കടത്ത് കേസിലെ ദേശദ്രോഹ നടപടി എൻ.െഎ.എ അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കെ.പി.സി.സി നേതൃത്വം ആയിരുന്നു. ഏതന്വേഷണവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയതോടെ എൻ.െഎ.എക്ക് വരവൊരുങ്ങി. കേരളത്തിൽ ഇടപെടലിന് പഴുതുകാത്തിരുന്ന കേന്ദ്ര ബി.ജെ.പി നേതൃത്വം ഇത് അവസരമായി കണ്ടു.
പക്ഷേ, ദേശദ്രോഹമെന്ന ആക്ഷേപം സംഘ്പരിവാറിെൻറ മുസ്ലിം വിരുദ്ധ രാഷ്ട്രീയമായി പരിവർത്തനപ്പെടുമോയെന്ന ആശങ്ക കോൺഗ്രസിലുണ്ട്. തങ്ങളുടെ പ്രമുഖ വോട്ട് ബാങ്കിനെയാവും ഇത് പ്രതികൂലമായി ബാധിക്കുകയെന്നും അവർ തിരിച്ചറിയുന്നു. ഇത് മറികടക്കാനാണ് സി.പി.എം-ബി.ജെ.പി രഹസ്യനീക്കം വഴി മുഖ്യമന്ത്രിയുടെ ഒാഫിസിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുെന്നന്ന് കെ.പി.സി.സി നേതൃത്വം ആരോപിച്ചതും. മുഖ്യമന്ത്രിയെ വിവാദത്തിെൻറ കേന്ദ്ര ബിന്ദുവായി നിലനിർത്തുകയാണ് അവരുടെ ലക്ഷ്യം.
സംസ്ഥാനം അവഗണിക്കുന്ന തങ്ങളുടെ രാഷ്ട്രീയത്തിന് പൊതുമണ്ഡലത്തിൽ സ്വീകാര്യത ലഭിക്കാനുള്ള അവസരമായാണ് ആർ.എസ്.എസ് പുതിയ വിവാദത്തെ ഉപയോഗിക്കുന്നത്. എതിർേചരിയിലെ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർവകാല ശാഖാ ബന്ധം അവതരിപ്പിച്ച് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് സാധൂകരണം കണ്ടെത്താനാണ് ഇൗ നീക്കം.
തങ്ങൾ കക്ഷിേയ അല്ലാത്ത രാഷ്ട്രീയ തർക്കത്തിലാണ് ജന്മഭൂമി ലേഖനത്തിലൂടെ ആർ.എസ്.എസ് ഇടപെട്ടത്. തങ്ങൾ നിശ്ചയിച്ച ഇടത്തേക്ക് മുന്നണികളെ എത്തിക്കാനുമായി. കോൺഗ്രസ് രാഷ്ട്രീയ വിഷയമാക്കിയ ശബരിമല സ്ത്രീ പ്രവേശനമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ആർ.എസ്.എസ് ഒടുവിൽ അവസരമാക്കിയത്.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേതാക്കളുടെ ബി.ജെ.പി കൂറുമാറ്റം വിഷയമാക്കിയാണ് സി.പി.എം അന്ന് തിരിച്ചടിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി-കോൺഗ്രസ് രഹസ്യബന്ധമെന്ന സി.പി.എം ആക്ഷേപം ഇതിെൻറ തുടർച്ചയാണ്. ഇതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മുതിർന്ന നേതാക്കളുടെ കുട്ടിക്കാല ആർ.എസ്.എസ് ബന്ധം ഉന്നയിക്കുന്നത് വഴി കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് സി.പി.എം വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.