പെരിന്തൽമണ്ണ: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് 18,000 രൂപ പിഴ ഈടാക്കാൻ കമീഷൻ വീണ്ടും ഉത്തരവിട്ടു. പെരിന്തൽമണ്ണ നഗരസഭയിൽ 2008 കാലയളവിലെ സൂപ്രണ്ടും അന്നത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറുമായിരുന്ന കെ.വി. വേലായുധനിൽ നിന്നാണ് തുക ഈടാക്കേണ്ടത്.
2010 ഫെബ്രുവരി 15ന് കമീഷൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ചുമത്തി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉദ്യോഗസ്ഥന് വന്ന വീഴ്ച നഗരസഭ ഏറ്റെടുത്ത് കമീഷൻ ഉത്തരവിനെതിരെ ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയതോടെ ഉചിത തീരുമാനത്തിന് വീണ്ടും കമീഷന് കൈമാറുകയായിരുന്നു.
പെരിന്തൽമണ്ണ ബൈപാസ് റോഡിൽ നിർമിച്ച ബസ് സ്റ്റാൻഡ് കെട്ടിടത്തിന് നൽകിയ പെർമിറ്റ്, അപേക്ഷ, പ്ലാൻ, ഇവ സംബന്ധിച്ച് എൻജിനീയർ നടത്തിയ അന്വേഷണ റിപ്പോർട്ട് എന്നിവയുടെ പകർപ്പാണ് തിരൂർക്കാട് സ്വദേശി അനിൽ ചന്ദ്രത്തിൽ തേടിയത്. നിശ്ചിതദിവസം കഴിഞ്ഞിട്ടും വിവരം നൽകാതായതോടെ വിഷയം വിവരാവകാശ കമീഷനിലെത്തി.
അപേക്ഷയുമായി ബന്ധപ്പെട്ട ഫയൽ അന്വേഷണ നടപടിയുടെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ആയിരുന്നെന്നും ഫയൽ തിരികെ ലഭിച്ച ശേഷം 2008 ഏപ്രിൽ 30ന് വിവരം നൽകിയെന്നുമാണ് കമീഷനിൽ സെക്രട്ടറി വിശദീകരണം നൽകിയത്.
കേസിന്റെ രേഖകളും മുനിസിപ്പൽ സെക്രട്ടറി എഴുതി നൽകിയ പ്രസ്താവനയും പരിശോധിച്ച് വേലായുധന് ഗുരുതര വീഴ്ച സംഭവിച്ചതായി കമീഷൻ വിലയിരുത്തി. അതേസമയം, ഫെബ്രുവരി 10ന് നടന്ന ഹിയറിങ്ങിൽ വേലായുധൻ പങ്കെടുക്കുകയോ മൊഴി നൽകുകയോ ചെയ്യാത്തതിനാൽ ഇദ്ദേഹത്തിന് കൂടുതലൊന്നും അറിയിക്കാനില്ലെന്ന് കമീഷൻ വിലയിരുത്തി.
പിഴ തുക 18,000 രൂപ അടച്ച് വിവരം രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം ജപ്തി വഴി തുക ഈടാക്കും. കമീഷന്റെ തീരുമാനവും ഉത്തരവും മാർച്ചിൽ നടന്നെങ്കിലും പരാതിക്കാരന് ഇക്കാര്യം തപാലിൽ ലഭിക്കുന്നത് രണ്ടു ദിവസം മുമ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.