ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ കേരളത്തിലെത്തുന്നവർക്ക്​ ആർ.ടി.പി.സി.ആർ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന്​ കേരളത്തിലെത്തുന്നവർക്ക്​ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി ഉത്തരവ്​. സംസ്ഥാനത്ത്​ എത്തുന്നതിന്​ 48 മണിക്കൂർ മുമ്പോ, എത്തിയ ഉടനെയോ പരിശോധനക്ക്​ വിധേയരാവണം. എത്തിയ ഉടനെയാണ്​ പരിശോധന നടത്തുന്നതെങ്കിൽ പരിശോധനാഫലം വരുന്നതുവരെ ക്വാറന്‍റീനിലിരിക്കണം. കോവിഡ്​ പ്രതിരോധ കുത്തിവെപ്പിന്​ വിധേയരായവരും ഈ നിർദേശം പാലിക്കണം.

കോവിഡ്​ വ്യാപകമായ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാളം സർവകലാശാല, ​സംസ്​കൃത സർവകലാശാല, സാ​ങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലകള്‍ക്ക് ചീഫ്​ സെക്രട്ടറി അഞ്ചുകോടി രൂപ വീതം അനുവദിച്ച്​ ഉത്തരവിറക്കി. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക നൽകു​ന്നത്​. ജില്ല കലക്​ടർമാർക്കാണ്​ തുക അനുവദിച്ചത്​. സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായേക്കാമെന്നാണ്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നത്​. ഇതിന്‍റെ പശ്ചാത്തലത്തിൽ ഐ.സി.യു, വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്​.

സംസ്ഥാനത്ത്​ നടന്ന കൂട്ടപരിശോധനയുടെ കൂടുതൽ ഫലം ഇന്ന്​ പുറത്തു വരും. അതിനാൽ തന്നെ പ്രതിദിന കോവിഡ്​ കണക്കുകളിൽ വർധനവുണ്ടായേക്കാം. അതേസമയം സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന വാക്​സിൻ ക്ഷാമം ആശങ്കക്കിടയാക്കുന്നുണ്ട്​.

Tags:    
News Summary - RTPCR mandatory for those arriving in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.