കോട്ടയം: റബർ വില വീണ്ടും ഇടിയുന്നു. മഴമൂലം ഉൽപാദനം കുറഞ്ഞിട്ടും വില ഉയരാത്തതിൽ കർഷകരും ആശങ്കയിലാണ്. ഉൽപാദനം വർധിപ്പിക്കണമെന്ന റബർ ബോർഡിെൻറ ആവശ്യം കർഷകർ മുഖവിലക്കെടുക്കുന്നുമില്ല. ടാപ്പിങ്ങിൽനിന്ന് കർഷകർ പിന്മാറുന്ന സാഹചര്യമാണ് പലയിടത്തും പ്രകടമാകുന്നത്. ഒറ്റയടിക്ക് നാലു രൂപവരെയാണ് കുറഞ്ഞത്. ആർ.എസ്.എസ് നാലിന് 129 രൂപയാണ് തിങ്കളാഴ്ചത്തെ വിപണിവില. ആർ.എസ്.എസ് നാലിന് 127 ഉം. എന്നാൽ, കർഷകർക്ക് 125-126 വരെ മാത്രമാണ് ലഭിക്കുന്നത്. രാജ്യാന്തര വിപണിയിലും വില കുറയുകയാണ്. ടോക്കിയോയിൽ 120 രൂപയിൽനിന്ന് 113 ആയി കുറഞ്ഞു. ചൈനയിലും വിലയിൽ മാറ്റമില്ല-113. ബാേങ്കാക്കിൽ ഇതിലും താഴെയാണ് വില-107-108 രൂപ.
വരും ദിവസങ്ങളിൽ വില വീണ്ടും കുറയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയിൽ ദിവസങ്ങൾക്കുമുമ്പ് 134 രൂപ വരെയായി വില ഉയർന്നെങ്കിലും വിലയിടിക്കാൻ ടയർ കമ്പനികൾ നീക്കം ശക്തമാക്കിയതോടെയാണ് 126ൽ എത്തിയത്. ടയർ കമ്പനികൾക്കായി 1500 ടൺ മാത്രമാണ് കച്ചവടക്കാർ വാങ്ങിയത്. ഉൽപാദനം കുറഞ്ഞിട്ടും വിപണിയിൽനിന്ന് റബർ വാങ്ങാൻ ടയർ കമ്പനികൾ ഇനിയും തയാറായിട്ടില്ല. രാജ്യാന്തര വില ഇടിയുന്നതോടെ കൂടുതൽ ഇറക്കുമതിക്കുള്ള നീക്കത്തിലാണ് ടയർ ലോബി. വിലയിടിവിൽ ചെറുകിട കർഷകരാണ് കടുത്ത പ്രതസന്ധി നേരിടുന്നത്. വരവും ചെലവും പൊരുത്തപ്പെടാനാകാത്ത അവസ്ഥയും നിലനിൽക്കുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും പ്രതിസന്ധി രൂക്ഷമാക്കുന്നു. വില ഉയരുമെന്ന പ്രതീക്ഷയിൽ റബർ വൻതോതിൽ സ്റ്റോക്ക് ചെയ്ത വ്യാപാരികളും ഇടനിലക്കാരും ദുരിതത്തിലാണ്. ഇറക്കുമതിക്ക് നിലവിൽ നിയന്ത്രണമൊന്നും ഏർപ്പെടുത്താൻ കേന്ദ്രസർക്കാറും തയാറല്ല. വില വർധിപ്പിക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന വാണിജ്യമന്ത്രാലയത്തിെൻറ പ്രഖ്യാപനവും ജലരേഖയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.