തൃശുർ: ഗ്രാമീണ പോസ്റ്റ് ഓഫിസുകളിൽ ജോലിചെയ്യുന്ന വർഷത്തിൽ 20 ദിവസത്തിൽ കൂടുതൽ അവധിയെടുത്ത ജീവനക്കാരുടെ (ജി.ഡി.എസ്) വാർഷിക ശമ്പള വർധന (ഇൻക്രിമെന്റ്) തിരിച്ചുപിടിക്കാൻ കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഉത്തരവ്.
2018 മുതലുള്ള നാല് വാർഷിക വർധനവാണ് അവധി കണക്കാക്കി തിരിച്ചുപിടിക്കുക. ശമ്പളമില്ല അവധി (എൽ.ഡബ്ല്യൂ.എ) എടുക്കാൻ വകുപ്പ് അനുവാദം നൽകുന്നുണ്ടെന്നിരിക്കെ ജീവനക്കാരുടെ ഇൻക്രിമെന്റ് തിരിച്ചുപിടിക്കുന്ന നടപടി അപൂർവമാണ്. ഇത്തരത്തിൽ തുച്ഛവേതനത്തിൽ പണിയെടുക്കുന്ന ജി.ഡി.എസ് ജീവനക്കാർക്കാണ് ഇപ്പോൾ അവരുടെ ശമ്പളത്തിന് ഇരട്ടിയോ മൂന്നിരട്ടിയോ തുക തിരിച്ചുപിടിക്കാനുള്ള ഉത്തരവ് വന്നിരിക്കുന്നത്.
2018നുശേഷമുള്ള രേഖകളുടെ പരിശോധനയിലാണ് ജീവനക്കാരുടെ അവധിക്കാര്യം ശ്രദ്ധയിൽപെട്ടത്. വർഷത്തിൽ 20ൽ കൂടുതലുള്ള അവധികളെ 'അനധികൃത അവധി'കളായി കണക്കാക്കിയാണ് ഇൻക്രിമെന്റ് തുക തിരിച്ചുപിടിക്കാനുള്ള കർശന നിർദേശം ഓഡിറ്റ് വിഭാഗം മുന്നോട്ടുവെച്ചത്.
ഇതനുസരിച്ചുള്ള ഉത്തരവ് കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഇറക്കുക മാത്രമല്ല നൂറുകണക്കിന് ജി.ഡി.എസുകാരുടെ തിരിച്ചുപിടിക്കാനുള്ള ഇൻക്രിമെന്റ് ലിസ്റ്റും കഴിഞ്ഞദിവസം ഓഫിസുകളിലെത്തി. പ്രതിവർഷം ശമ്പളത്തിന്റെ മൂന്ന് ശതമാനമാണ് ഇൻക്രിമെന്റായി ലഭിക്കുക. ഇത് ഒരുവർഷം നഷ്ടപ്പെട്ടാൽ പോലും സർവീസ് കാലയളവിനെ മുഴുവൻ ബാധിക്കും.
അതിനാൽ തുച്ഛവേതനത്തിൽ ജോലി ചെയ്യുന്ന ജി.ഡി.എസ് ജീവനക്കാരെ കാര്യമായി ബാധിക്കും. നിലവിൽ 'ശമ്പളമില്ല അവധി'ക്ക് അനുവാദമുണ്ടെന്നിരിക്കെ ഈ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധമുയർത്തിക്കഴിഞ്ഞു.
ഇത്തരം സാഹചര്യം കർണാടകയിൽ ഉണ്ടായപ്പോൾ ഇൻക്രിമെന്റ് നിഷേധിക്കരുത് എന്ന് കാണിച്ച് കർണാടക ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഉത്തരവിറക്കിയിരുന്നു. ഇതേ നടപടി സംസ്ഥാനത്തും സ്വീകരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് ജീവനക്കാരുടെ സംഘടന നേതാക്കളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.