തിരുവനന്തപുരം: ശബരിമല വിമാനത്താവളം സാധ്യമാകണമെങ്കിൽ ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമികൂടി ഏറ്റെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 2268.13 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. പദ്ധതിക്ക് ഏകദേശം 2570 ഏക്കർ ഭൂമി വേണം. 3500 മീറ്റർ നീളമാണ് റൺവേക്ക് വേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ എസ്റ്റേറ്റിന് സമീപത്തുള്ള 307 ഏക്കർ ഭൂമികൂടി ഏറ്റെടുക്കേണ്ടിവരും. സംസ്ഥാനത്തെ വെസ്റ്റ് കോസ്റ്റ് കനാൽ ജലപാത ചേറ്റുവവരെയുള്ള ഭാഗം അടുത്ത ഡിസംബറോടെ ഗതാഗതയോഗ്യമാക്കും.
സംസ്ഥാന വികസനത്തിന് ഉതകുന്ന നടപടികളിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അത് തിരുത്തണം. കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുന്നതാണ് കേന്ദ്ര നയം. അതേസമയം കേന്ദ്രത്തിന് കീഴിൽ ദേശീയപാത അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നുമില്ല. പക്ഷപാതപരമായ നിലപാടാണിത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 15,635.50 കോടിയുടെ 152 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കിഫ്ബി മുഖേന അംഗീകാരം നൽകി. ഇതിന് പുറമെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 840 കോടി രൂപയുടെ അംഗീകാരവും നൽകി. ഇതിൽ 50 കോടിക്ക് മുകളിലുള്ള 68 വൻകിട പദ്ധതികൾക്കാണുള്ളത്. കിഫ്ബിയിലൂടെ 80,998.61 കോടിയുടെ പദ്ധതികൾക്കാണ് ഇതുവരെ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.