ശബരിമല വിമാനത്താവളം: സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : ശബരിമല അന്താരാഷ്ട്ര വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം എരുമേലിയിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം2023 ഏപ്രിൽ 13-ന് 'സൈറ്റ് ക്ലിയറൻസ്' അനുമതി നൽകി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് ക്ലിയറൻസ് 2023 ജൂൺ 30 നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ 'സെക്യൂരിറ്റി ക്ലിയറൻസ് 2024 മെയ് 20 നും ലഭിച്ചു.

പരിസ്ഥിതി അനുമതിക്കായുള്ള 'ടേംസ് ഓഫ് റഫറൻസ്' പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2023 ജൂലൈ 28-ന് അംഗീകരിച്ചു. തുടർന്ന് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന നടത്തേണ്ട പബ്ലിക് ഹിയറിങ് കഴിഞ്ഞാൽ ഉടൻ തന്നെ റിപ്പോർട്ട് മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിക്കും.

പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കും. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക്, മണിമല എന്നീ വില്ലേജുകളിലായി ഏകദേശം 1000 ഹെക്ടർ ഭൂമിയാണ് ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച്, 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി, 2024 മാർച്ച് 13-ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതിനെതിരെ ഈ പദ്ധതി പ്രദേശമടങ്ങുന്ന ഭൂമി നിലവിൽ കൈവശം വെച്ചിരിക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. ഇതിൽ 2024 ഏപ്രിൽ 25-ന് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിച്ചു. സ്റ്റേ നീക്കിയെടുക്കാനുള്ള നടപടികളുമായി കോടതിയെ സമീപിക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദ്ദേശം നല്കിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Sabarimala Airport: Steps taken for timely completion, Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.