ശബരിമല: സന്നിധാനത്തടക്കം തിരക്കുനിയന്ത്രണം ഫലപ്രദമായതോടെ തിങ്കളാഴ്ച തീർഥാടകർക്ക് ദർശനം സുഗമമായി. ഒരാഴ്ചക്കുശേഷം വീണ്ടും ഒരു ലക്ഷം തീർഥാടകർ തിങ്കളാഴ്ച മലചവിട്ടി എത്തിയെങ്കിലും നീണ്ട കാത്തിരുപ്പോ തിക്കുംതിരക്കുമോ കൂടാതെ ദർശനം സാധ്യമായി. ഒന്നേകാൽ ലക്ഷത്തോളം തീർഥാടകരാണ് തിങ്കളാഴ്ച ദർശനത്തിനെത്തിയത്.
ഞായറാഴ്ച രാത്രി പൂർണമായും ഒഴിഞ്ഞുകിടന്ന വരികൾ തിങ്കളാഴ്ച പുലർച്ചയോടെ തീർഥാടകരാൽ നിറഞ്ഞു. പുലർച്ച മൂന്നിന് നട തുറക്കും മുമ്പേ വലിയ നടപ്പന്തലിലെ മുഴുവൻ വരികളിലും തീർഥാടകരെത്തി. എന്നാൽ, പടികയറ്റവും ദർശനവും വേഗത്തിലായതോടെ നടപ്പന്തലിലെ കാത്തിരിപ്പിന്റെ ദൈർഘ്യം കുറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുമായി ഏർപ്പെടുത്തിയ പ്രത്യേക വരിയും ആശ്വാസമായി. വലിയ നടപ്പന്തലിലെ വലതുവശത്തെ ആദ്യവരിയാണ് ഇവർക്കായി ഒരുക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പുറമെ തീർഥാടക സംഘത്തിലെ ഒരാൾക്കും ഇവരോടൊപ്പം വരിയിൽ നിൽക്കാം. ഈ ക്രമീകരണം പതിനെട്ടാംപടിയുടെ താഴെവരെ തുടരും.
തീർഥാടക സംഘത്തിലെ മറ്റുള്ളവരെ കാത്തിരിക്കാനുള്ള സൗകര്യവും താഴെ തിരുമുറ്റത്തെ വരിയിൽ ഒരുക്കിയിട്ടുണ്ട്. ഇവർക്ക് ഒരുമിച്ച് പടികയറാനും കൂട്ടാം തെറ്റാതിരിക്കാനും ഇതുവഴി സാധിക്കും. മരക്കൂട്ടത്തുനിന്നുള്ള ഇരുപാതകളും തീർഥാടകർക്ക് ഉപയോഗിക്കാം.
തിരക്ക് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും ഗതാഗത ക്രമീകരണം ഏർപ്പെടുത്തുക. എന്നാൽ, ഇനിയുള്ള എല്ലാ ദിവസങ്ങളിലും തൊണ്ണൂറായിരത്തിനു താഴെയാണ് ബുക്കിങ്ചൊവ്വാഴ്ച 89,961 തീർഥാടകർ വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്തിട്ടുണ്ട്.
ശബരിമല: മാളികപ്പുറങ്ങൾക്കും കുട്ടികൾക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.
ദർശനത്തിന് കാത്തിരിപ്പ് കുറയുന്നതോടെ കുട്ടികളും രക്ഷാകർത്താക്കളും സന്തോഷത്തിലാണ്. കുട്ടികളുമായി കൂട്ടമായി എത്തുന്ന തീർഥാടകരെ എല്ലാവരെയും കയറ്റിവിടാൻ കഴിയില്ല. ഒരു കുട്ടിക്ക് ഒരു രക്ഷാകർത്താവ് എന്നാണ് തീരുമാനമെന്നും സന്നിധാനത്ത് പ്രത്യേക വരി ക്രമീകരണം പരിശോധിച്ചശേഷം പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.