ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. കേരളത്തിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ തിങ്കളാഴ്ച ബോർഡ് അടിയന്തരമായി ഹരജി സമർപ്പിക്കുകയായിരുന്നു.
വിധി നടപ്പാക്കാൻ പ്രതിബദ്ധമാണെങ്കിലും, അതിന് നിലവിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഹരജിയിൽ വിശദീകരിച്ചു.
ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീസുരക്ഷക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ദർശനത്തിന് 1000 സ്ത്രീകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അധിക സൗകര്യങ്ങളൊരുക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും, വിധിയെത്തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് സാവകാശം അനുവദിക്കണം -ഹരജിയിൽ പറഞ്ഞു.
ഹരജിയിലെ വാദങ്ങൾ
- വിധി നടപ്പാക്കുന്നതിനെതിരെ ചിലയാളുകളും രാഷ്ട്രീയ പാർട്ടികളും ശക്തമായ നിലപാടെടുത്തത് സംസ്ഥാനത്ത്, പ്രത്യേകിച്ച് ശബരിമല പരിസരങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായി.
- തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും യുവതികൾ ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധം മൂലം സാധിച്ചില്ല. തെമ്മാടിത്തവും കൈയേറ്റവും മാധ്യമങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- അസാധാരണ സുരക്ഷയൊരുക്കിയിട്ടും പ്രവേശനത്തിനെത്തുന്ന സ്ത്രീകളെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.
- സ്ത്രീകൾക്ക് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ വിശ്രമമുറികൾ, ശുചിമുറികൾ തുടങ്ങിയവ ഒരുക്കാൻ കൂടുതൽ സമയം വേണം.
- പ്രളയത്തിൽ പമ്പയിലും പരിസരങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ തകർന്നു. കെട്ടിടങ്ങൾ, ശുചിമുറികൾ, തീർഥാടകർക്കുള്ള ഷെൽട്ടറുകൾ തുടങ്ങിയവ ഏറെക്കുറെ ഇല്ലാതായി.
- പമ്പാതീരത്ത് സ്ഥിരം കെട്ടിടങ്ങൾ നിർമിക്കുന്നത് ഉന്നതാധികാര സമിതി വിലക്കിയതിനാൽ ബേസ് ക്യാമ്പ് നിലക്കലിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും സമയക്കുറവുമൂലം അവിടെ പൂർണമായി സൗകര്യങ്ങളൊരുക്കാനായില്ല.
- നിർമാണത്തിന് ഉന്നതാധികാര സമിതി ഉന്നയിച്ച എതിർപ്പിൽ സുപ്രീംകോടതി അന്തിമ തീർപ്പുകൽപിക്കാത്തതിനാൽ സൗകര്യങ്ങളൊരുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.