കൊടുങ്ങല്ലൂർ: ശബരിമല ദർശനത്തിന് പോകാൻ മാലയിട്ട് പുലർച്ചെ അച്ഛനും അനുജത്തിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വടക്കുംചേരി വീട്ടിൽ ഷൈജു-ശ്രുതി ദമ്പതികളുടെ മകൻ നന്ദു എന്ന ശ്രുദ കീർത്താണ് (10) മരിച്ചത്. ശ്രീകൃഷ്ണക്ഷേത്രക്കുളത്തിൽ തിങ്കളാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.
മതിലകം കളരിപറമ്പ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശ്രുദ കീർത്ത്. ഏങ്ങണ്ടിയൂരിൽനിന്ന് അടുത്തിടെ ശ്രീനാരായണപുരത്ത് താമസമാക്കിയ ഷൈജുവിനും മക്കൾക്കും ക്ഷേത്രക്കുളം അത്ര പരിചിതമല്ല. രാവിലെ മക്കളുമായെത്തിയ ഷൈജു ആദ്യം നന്ദുവിനെ കുളിപ്പിച്ച് കരയിലിരുത്തി. ശേഷം മകളെ കുളിപ്പിക്കുന്നതിനിടെ മകനെ കാണാതായി. കുളിക്കാനെത്തിയവർ ഉൾപ്പെടെ ക്ഷേത്രത്തിലും പരിസരത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ചിലർ കുളത്തിൽ ചാടി തിരഞ്ഞതോടെയാണ് കുട്ടിയെ കിട്ടിയത്.
ഉടൻ പ്രഥമശുശ്രൂഷ നൽകി കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ തോപ്പിൽ ശ്രീജിത്ത്, മഹേഷ്, സനീഷ്, സുമൻ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദിൽഷയാണ് സഹോദരി. വിദ്യാലയത്തിന് തിങ്കളാഴ്ച അവധി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.