നിലക്കൽ: ചിത്തിര ആട്ടം ആഘോഷത്തിന് വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. തീർത്ഥാടകരെ കാൽനാടയായാണ് കടത്തിവിടുന്നത്. നേരത്തെ പമ്പയിലേക്ക് പോകാൻ അനുവദിക്കാത്തതിനെ ചൊല്ലി നിലക്കലിൽ തീർത്ഥാടകർ പ്രതിഷേധിച്ചിരുന്നു. ഒടുവിൽ കാൽനടയായി പമ്പയിലേക്ക് പോകാൻ അനുവദിച്ച 500 ഒാളം പേരടങ്ങുന്ന സംഘം പൊലീസ് വാഹനം പോലും കടത്തിവിടാതെ റോഡ് ഉപരോധിച്ച് നടന്ന് നീങ്ങിയത് പമ്പ - നിലക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. രാവിലെ 11 മണിയോടെ മാത്രമെ തീർത്ഥാടകരെ പമ്പയിലെത്തിക്കാൻ നിലക്കൽ നിന്ന് കെ.എസ്.ആർ.ടി സി ബസ് സർവീസ് ആരംഭിക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു പൊലീസ്.
നിലക്കൽ വരെ മാത്രമാണ് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നത്. നിലക്കൽ നിന്നും കെ.എസ്.ആർ.ടി സി ചെയിൻ സർവീസ് ഉണ്ടായിരിക്കുമെന്നും അവയിൽ മാത്രമെ ഭക്തരെ പമ്പയിലേക്ക് പോകാൻ അനുവദിക്കുകയുള്ളൂ എന്നും നേരെത്ത അറിയിച്ചിരുന്നതാണ്. ചെയിൻ സർവീസ് രാവിലെ മുതൽ തുടങ്ങാത്തതാണ് തീർത്ഥാടകരെ ചൊടിപ്പിച്ചത്.
നെയ്യാറ്റിൻകരയിൽ നിന്നുള്ള ബി.ജെ.പി നഗരസഭാ കൗസിലറുടെ നേതൃത്വത്തിലാണ് തീർത്ഥാടകർ പ്രതിഷേധമുയർത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇവരെ നടന്നു പോകാൻ പൊലീസ് അനുവദിക്കുകയായിരുന്നു. 18 കിലോമീറ്റർ ദൂരമാണ് നിലക്കൽ നിന്ന് പമ്പയിലേക്കുള്ളത്. ശരണംവിളികളുമായി പ്രകടനം കണക്കെ നടന്നു നീങ്ങിയ സംഘത്തിൽ അന്യസംസ്ഥാനക്കാരായ ഭക്തരും ചേർന്നു. പൊലീസ് വാഹനങ്ങൾക്ക് പോലും കടന്നു പോകാനാവാത്തതിനാൽ ഇവർക്ക് പിന്നാലെ നീങ്ങാനെ കഴിഞ്ഞിട്ടുള്ളൂ. സംഘം പമ്പയിലെത്താൻ ഉച്ച കഴിയുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.