ശബരിമല: നാടാകെ മുഴങ്ങുന്ന ശരണാരവത്തിന് തുടക്കമിട്ട് മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. സന്നിധാനം ജന നിബിഡമായിരുന്നിെല്ലങ്കിലും ശരണംവിളികളാൽ മുഖരിതമായിരുന്നു. രണ്ട് വർഷത്തെ ഇടവേളക്കുശേഷം പതിനെട്ടാംപടി ചവിട്ടി ഭക്തലക്ഷങ്ങൾ ഇത്തവണ ഇഷ്ടദേവനെ വണങ്ങാനെത്തും. 41 ദിവസം നീളുന്ന മണ്ഡലകാലത്തിന് വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതൽ തുടക്കമാകും. സ്ഥാനമൊഴിഞ്ഞ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് നട തുറന്നത്.
മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് പുതിയ ശബരിമല മേല്‍ശാന്തിയായി എന്‍.പരമേശ്വരന് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ശംഭു നമ്പൂതിരിയെയും അവരോധിച്ചു. കോവിഡിെൻറ സാഹചര്യത്തിൽ നടതുറന്ന തിങ്കളാഴ്ച തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വൃശ്ചികം ഒന്നായ ചൊവ്വാഴ്ച പുലര്‍ച്ച ഇരുക്ഷേത്രനടകളും പുതിയ മേൽശാന്തിമാർ തുറക്കും. ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജ മഹോത്സവം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന് നടക്കും.
അതേസമയം, ശബരിമല തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി ചാർട്ടേർഡ് ട്രിപ് തുടങ്ങി. പമ്പയിൽനിന്ന് വിവിധ ഡിപ്പോകളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ഇൗ സൗകര്യം ലഭ്യമാണ്.
പമ്പയിൽനിന്ന് ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ, തൃശൂർ, പാലക്കാട്, തെങ്കാശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര എന്നിവിടങ്ങളിലേക്കും ചാർട്ടേഡ് ട്രിപ് ബുക്ക് ചെയ്യാനാകും. വിവരങ്ങൾക്ക്: 18005994011(ടോൾ ഫ്രീ), 04735 203445.
പത്തനംതിട്ട: മഴ ശക്തമാണെങ്കിലും ശബരിമലയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-പമ്പ പാതയിൽ യാത്രതടസ്സങ്ങളില്ല. പെരുനാട് മുതൽ പമ്പവരെ കാനന പാതയിൽ മഴ നാശം വിതച്ചിട്ടില്ല. അതേസമയം, ശബരിമലയിലേക്ക് പോകുന്ന റാന്നി-മണ്ണാറക്കുളഞ്ഞി, പുനലൂർ-പത്തനംതിട്ട-മണ്ണാറക്കുളഞ്ഞി റോഡുകളിൽ നിർമാണം നടക്കുന്നതിനാൽ യാത്ര ദുഷ്കരമാണ്. അടൂർ-പത്തനംതിട്ട, പന്തളം-പത്തനംതിട്ട, കോന്നി-പത്തനംതിട്ട പാതകളിൽ വെള്ളക്കെട്ടുമൂലം വാഹനങ്ങൾ കടന്നുപോകാനാകാത്ത സ്ഥിതിയുണ്ട്. കുമ്പഴ-കോന്നിവഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസ്സമുള്ളതിനാല്‍ പുനലൂര്‍, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെ വകയാര്‍, പൂങ്കാവ്, മല്ലശ്ശേരിമുക്ക്, കുമ്പഴ, പാത ഉപയോഗിക്കണമെന്ന് ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു.
കുമ്പഴയിൽനിന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞിവഴി ശബരിമലക്ക് പോകണം. അടൂര്‍-പത്തനംതിട്ട നേര്‍പാതയോ കൊടുമണ്‍ വഴിയോ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടൂര്‍, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂര്‍, പത്തനംതിട്ട പാതയും ഇലവുംതിട്ട, കോഴഞ്ചേരിവഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡില്‍ തടസ്സമുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നിവഴി പോകാവുന്നതാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. മഴ കുറയുന്നതോടെ ഈ നിയന്ത്രണങ്ങൾ നീങ്ങും.
തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സ്പോട്ട് ബുക്കിങ്ങിന് വിവിധ ജില്ലകളിലായി ഏഴ് കേന്ദ്രങ്ങൾ കൂടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ്പുതിയ ഭരണസമിതിയുടെ ആദ്യ യോഗമാണ് തീരുമാനമെടുത്തത്. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് വെർച്വൽ ക്യൂ ബുക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയത്.
നിലയ്ക്കൽ, എരുമേലി, കുമളി എന്നീ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾക്ക് പുറമെയാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.