തൃശൂർ: ശബരിമല പ്രശ്നം യഥാവിധി കൈകാര്യം ചെയ്യുന്നതിൽ സുപ്രിം കോടതിക്ക് തെറ്റ് പറ്റി എന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹരജി തുറന്ന കോടതിയിൽ കേൾക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ആദ്യ വിധിക്ക് സ്റ്റേ ഇല്ലെന്ന് പറയേണ്ടിയിരുന്നില്ല. മണ്ഡലകാലത്തെ പ്രശ്നങ്ങളും ഗുരുതരാവസ്ഥകളും കോടതി കാണാതെ പോയത് ഉചിതമായില്ല. വിഷയം സംഘർഷമില്ലാതെ കൈകാര്യം ചെയ്യുന്നതിൽ സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങൾക്ക് തെറ്റുപറ്റി-എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം നിരീക്ഷിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച് ഹിത പരിശോധന നടത്തണമെന്ന് സുധീരൻ നിർദേശിച്ചു.
വൈകാരിക സംഘട്ടനമുണ്ടാകുന്ന സാഹചര്യത്തിൽ കോടതി കൂടുതൽ ജാഗ്രത പലിക്കണമായിരുന്നു. കേരളത്തെ അരാജകാവസ്ഥയിലേക്ക് തള്ളി വിടുന്ന സാഹചര്യമാണ് വിധിയിലൂടെ ഉണ്ടായത്. അത് പാടില്ലായിരുന്നു. ഒരു വിധിയും അന്തിമമല്ല. എല്ലാ വിധിയും ശരിയുമല്ല. കോടതി വിധിയിൽ പാളിച്ചകൾ ഉണ്ടാകാം. കേരളത്തെ രമ്യമായ അവസ്ഥയിലേക്ക് അടിയന്തരമായി എത്തിക്കാനുള്ള ശ്രമം സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കോടതിവിധി നടപ്പാക്കാൻ അമിത വ്യഗ്രതയാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് സുധീരൻ കുറ്റപ്പെടുത്തി. പാതയോരത്തെ മദ്യശാലകൾ മാറ്റാനുള്ള സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള വിധി സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ഇൗ വിധി അട്ടിമറിക്കാൻ ദേശീയപാതകളെ പുനഃനിർവചിച്ചു. മുഖ്യമന്ത്രിയുടെ അമിതാവേശമാണ് ഇന്നത്തെ സംഘർഷാവസ്ഥക്ക് കാരണം. വിധി നടപ്പാക്കാൻ കോടതി സമയം നിശ്ചയിച്ചിരുന്നില്ല. അത് കണക്കിലെടുത്ത് സമാധാനപരമായി കൈകാര്യം ചെയ്യാമായിരുന്നു. ഏകപക്ഷീയമായാണ് സർക്കാർ മുന്നോട്ട് പോയത്. ഇപ്പോൾ നടത്തിയ സർവകക്ഷി യോഗം നേരെത്ത നടത്തിയിരുന്നെങ്കിൽ ഇന്നത്തെ സംഘർഷമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്തരുടെയും സ്ത്രീകളുടെയും താൽപര്യമല്ല ബി.ജെ.പി.ക്കുള്ളത്. ആ പാർട്ടിയും മോദിയും ആഗ്രഹിക്കുന്നത് സംഘർഷമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്. ഒരു പ്രശ്നത്തിൽ തർക്കമുണ്ടായാൽ ഹിതപരിശോധന നടത്തുകയാണ് ഉചിതമായ നടപടി. ഗുരുവായൂർ സത്യഗ്രഹകാലത്ത് ഹിതപരിശോധന നടത്തിയിരുന്നു. ആ മാതൃക ശബരിമല വിഷയത്തിലും ഉണ്ടാകണം-സുധീരൻ പറഞ്ഞു. കെ.പി. ജോസ് സ്വാഗതവും സന്തോഷ് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.